മാധ്യമപ്രവർത്തകർ ഇല്ലെങ്കിൽ സന്നിധാനങ്ങളിൽ നടക്കുന്ന കേസ് വിസ്താരങ്ങൾ പൊതുസമൂഹത്തെ അറിയിക്കാൻ ആരാണുണ്ടാകുകയെന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. നുണ റിപ്പോർട്ട് ചെയ്യാനല്ല മാധ്യമ പ്രവർത്തകർ കോടതിയിൽ ചെല്ലുന്നത്, ആരെയും രക്ഷിക്കാനുമല്ല. അതുകൊണ്ടുതന്നെ ഞാൻ അവരോട് കൂടിയാണ്. എന്നും ജോയ് മാത്യു വ്യക്തമാക്കി.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
രാജ്യങ്ങൾ തമ്മിൽ അതിർത്തിത്തർക്കമുണ്ടാകാം, തർക്കിക്കാൻ വേണ്ടിയാണല്ലോ അതിർത്തികൾ ഉണ്ടാക്കുന്നത് തന്നെ .തർക്കങ്ങൾ പിന്നീട് തല്ലും പിടിയും (യുദ്ധം എന്നും പറയും )ആയി മാറാം ,അപ്പോൾ നമ്മൾ ഉണ്ണുന്ന ചോറിനു നന്ദികാണിച്ചെ പറ്റൂ. നമ്മുടെ രാജ്യത്തോടൊപ്പം നിന്നെ പറ്റൂ. പക്ഷെ അത് ഏതെങ്കിലും മതത്തോടുള്ള യുദ്ധമല്ല എന്നതാണ് നാം മനസ്സിലാക്കേണ്ട കാര്യം. യുദ്ധകാര്യങ്ങൾ രാജ്യത്തെ ഭരണാധികാരികൾ തീരുമാനിക്കട്ടെ.
എന്റെ പ്രശ്നം മാധ്യമ പ്രവർത്തകരെ കോടതി വളപ്പിൽ നിന്നും തല്ലിയോടിക്കുന്ന ഡ്രാക്കുള കുപ്പായധാരികളെപ്പറ്റിയാണ്. മാധ്യമ പ്രവർത്തകർ കൂടിയില്ലായിരുന്നെങ്കിൽ 'യുവർ ഹോണർ " സന്നിധാനങ്ങളിൽ നടക്കുന്ന കേസ് വിസ്താരങ്ങൾ നമ്മളെ അറിയിക്കാൻ ആരാണുണ്ടാവുക. ഡ്രാക്കുളമാരോ. എന്തിനെയാണ് അല്ലെങ്കിൽ ആരെയാണ് ഈ കറുത്ത കുപ്പായക്കാർ ഭയക്കുന്നത്?
നീതി പീഠത്തിലിരിക്കുന്ന ന്യായാധിപന്മാർക്ക് ആരെയും ഭയക്കാനില്ല എന്ന് അവർക്കും ജനത്തിനും അറിയാം. പക്ഷെ അഭിഭാഷകർക്ക് എന്താണിത്ര പേടി ? നുണ റിപ്പോർട്ട് ചെയ്യാനല്ല മാധ്യമ പ്രവർത്തകർ കോടതയിൽ ചെല്ലുന്നത് ,ആരെയും രക്ഷിക്കാനുമല്ല. അതുകൊണ്ടുതന്നെ ഞാൻ അവരോട് കൂടിയാണ് .ഒരിക്കൽ ഞാൻ തിന്ന ചോറും ഇതേ ജോലിയിൽ നിന്നായിരുന്നു എന്നത് കൊണ്ട് മാത്രമല്ല-ഞാനീ നിലപാട് എടുക്കുന്നത്. ഈ മാധ്യമ പ്രവർത്തകർ കൂടിയില്ലായിരുന്നെങ്കിൽ നമ്മളൊക്കെ ജോസ് സരാമാഗോവിന്റെ "അന്ധത " നോവലിലെ കഥാപാത്രങ്ങളിലൊന്നായി ജീവിച്ച് മരിക്കാം ,നിങ്ങൾക്ക് അത് മതിയങ്കിൽ അങ്ങിനെ, പക്ഷെ ഞാൻ അങ്ങിനെയാവാൻ ഉദ്ദേശിക്കുന്നില്ല.