മാധ്യമ പ്രവർത്തകരുടെ അറസ്റ്റ്; സർക്കാർ പകവീട്ടിയതാണെന്ന് ചാനൽ

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (08:11 IST)
മന്ത്രി എകെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ലൈംഗിക ചുവയുള്ള ഫോൺ സംഭാഷണം പുറത്തുവിട്ട സംഭവത്തിൽ ചാനൽ സി ഇ ഒ അടക്കം അഞ്ചു മാധ്യമപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതിൽ സർക്കാരിനും മറ്റു മാധ്യമങ്ങൾക്കുമെതിരെ വിമർശനവുമായി വിവാദ ചാനൽ. മന്ത്രിക്കെതിരായ ടെലിഫോൺ സംഭാഷണം പുറത്തുവിട്ടതിന്റെ പകവീട്ടലാണ് ഇപ്പോഴത്തെ അറസ്റ്റ് എന്നും മംഗളം ചാനൽ ആരോപിയ്ക്കുന്നു.
 
ചാനലിനെ തകർക്കാൻ ഗൂഡാലോചന നടത്തുന്നത് മറ്റു ചാനലുകൾ ആണെന്നും പത്രം ആരോപിയ്ക്കുന്നു. മുമ്പ് നടത്തിയ പല സ്റ്റിങ് ഓപ്പറേഷനുകളും മാധ്യമസ്വാതന്ത്ര്യമായി അംഗീകരിച്ച ഇടതുമുന്നണി ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനാണ് നേതൃത്വം നല്‍കിയതെന്നും കുറ്റപ്പെടുത്തുണ്ട്. 
 
മംഗളം ടെലിവിഷന്റെ ബിഗ് ബ്രേക്കിങ് വാര്‍ത്തയില്‍ വിറളിപൂണ്ട് അപകീര്‍ത്തിപ്രചാരണം നടത്തിയ മറ്റു മാധ്യമങ്ങളും ഗൂഢാലോചനയുടെ ഭാഗമായി. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം പോലും മറികടന്നായിരുന്നു പോലീസ് നീക്കമെന്നും ആരോപണം ഉയരുന്നു.
 
ഫോൺ വിളി വിവാദമായതിനെതുടർന്ന് ചാനലിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഫോണ്‍ സംഭാഷണം ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചതല്ലെന്നാണ് ചാനല്‍ സിഇഒ ആദ്യം പറഞ്ഞത്. എന്നല്ല് സംഭവത്തിന്റെ ചൂട് കെട്ടടങ്ങാത്തതിനെതുടർന്ന് ചാനലിലെ തന്നെ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ചാണ് ഫോണ്‍ സംഭാഷണം ശേഖരിച്ചതെന്ന് അജിത്ത് കുമാര്‍ കുറ്റസമ്മതം നടത്തിയിരുന്നു.
Next Article