രാജേശ്വരിയെ അറിയില്ല; അവര്‍ തന്റെ വീട്ടില്‍ ജോലിക്കു നിന്നിട്ടില്ല; ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വ്യക്തിഹത്യ നടത്തുകയാണെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വ്യക്തിഹത്യ നടത്തുകയാണെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. ജോമോന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ആണ് തങ്കച്ചന്‍ ഇങ്ങനെ പറഞ്ഞത്.
ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണങ്ങളെല്ലാം പി പി തങ്കച്ചന്‍ നിഷേധിച്ചു. ജിഷയുടെ അമ്മയായ രാജേശ്വരിയെ അറിയില്ല. രാജേശ്വരി തന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടില്ല. പെരുമ്പാവൂരിലെ യു ഡി എഫ് വിജയത്തില്‍ വിറളിപൂണ്ട രാഷ്‌ട്രീയ എതിരാളികളാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. ജോമോന്റെ ആരോപണങ്ങള്‍ക്ക് എതിരെ നിയമനടപടി സ്വികരിക്കുമെന്നും യു ഡി എഫ് കണ്‍വീനര്‍ വ്യക്തമാക്കി.
ബുധനാഴ്ചയായിരുന്നു ജിഷ വധക്കേസില്‍ പുതിയ ആരോപണവുമായി പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്കു പരാതി നല്കിയത്. ജിഷയുടെ അമ്മ രാജേശ്വരി 20 വര്‍ഷത്തിലേറെ പെരുമ്പാവൂരിലെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നുവെന്നാണു പരാതിയില്‍ പറയുന്നത്. ഇക്കാലത്ത് ഈ നേതാവിനു ജനിച്ച കുഞ്ഞാണു ജിഷയെന്നും ജോമോന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണ് താനെന്ന് തിരിച്ചറിഞ്ഞ ജിഷ ഇയാളുടെ സ്വത്തില്‍ അവകാശം ചോദിച്ചതിനു പിന്നാലെയാണു കൊലപാതകമെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.