ജിഷ വധക്കേസിന്റെ വിചാരണ നവംബര്‍ രണ്ടുമുതല്‍; പ്രാരംഭവാദം കേള്‍ക്കലും പ്രതിക്കെതിരെ കുറ്റം ചുമത്തലും പൂര്‍ത്തിയായി

Webdunia
ശനി, 1 ഒക്‌ടോബര്‍ 2016 (09:02 IST)
സംസ്ഥാനത്ത് വിവാദമായ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണ നവംബര്‍ രണ്ടിന് ആരംഭിക്കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജി എന്‍ അനില്‍കുമാര്‍ ആണ് വിചാരണ ആരംഭിക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച കുറ്റപത്രത്തിന്മേല്‍ പ്രാരംഭവാദം കേള്‍ക്കലും പ്രതിക്കെതിരെ കുറ്റം ചുമത്തലും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു തീരുമാനം.
 
അതേസമയം, കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതി അമീറുല്‍ ഇസ്ലാമിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്. എന്നാല്‍, എല്ലാ കുറ്റവും പ്രതി നിഷേധിച്ചു. ഇതിനെ തുടര്‍ന്നാണ് കോടതി വിചാരണ നടപടികളിലേക്ക് നീങ്ങിയത്.
 
പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണ് പ്രധാന കുറ്റം. ഇതിനുപുറമേ അതിക്രമിച്ചുകടക്കല്‍‍, വീട്ടില്‍ അന്യായമായി തടഞ്ഞുവെക്കല്‍, കൊലക്കുശേഷം തെളിവ് നശിപ്പിക്കല്‍ എന്നിവയും ദളിത് പീഡന നിരോധനിയമത്തിലെ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
Next Article