ജിഷ വധം: പഴുതുകൾ അടച്ച് കേസ് നടത്തും, പ്രോസിക്യൂഷൻ നടപടികൾക്ക് താൻ നേരിട്ട് മേൽനോട്ടം വഹിക്കും - ഡിജിപി

വെള്ളി, 17 ജൂണ്‍ 2016 (11:59 IST)
ജിഷ വധക്കേസിൽ പഴുതുകൾ അടച്ചുകൊണ്ടായിരിക്കും കേസിന്‍റെ തുടർനടപടികളിലേക്ക് കടക്കുകയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസില്‍ കൂടുതൽ തെളിവുകൾ ശേഖരിക്കും. പഴുതുകൾ അടച്ച് കേസ് നടത്തും. പ്രോസിക്യൂഷൻ നടപടികൾക്ക് താൻ നേരിട്ട് മേൽനോട്ടം വഹിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി.

കേസിന്റെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് ഇപ്പോൾ കൈമാറാൻ നിർവാഹമില്ല. തുടർനടപടികളിലേക്ക് കടക്കുകയാണ് ഇപ്പോള്‍ ലക്ഷ്യം വയ്‌ക്കുന്നതെന്നും ഡിജിപി പറഞ്ഞു. മുംബൈയിലുള്ള ലോക്നാഥ് ബെഹ്റ ഇന്ന് തന്നെ ആലുവയിലെത്തും.

അതേസമയം,  പ്രതി അമീറുല്‍ ഇസ്‌ലാമിനെ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. എസ്പി ഉണ്ണിരാജയാണ് ഇക്കാര്യമറിയിച്ചത്. ഇതിന് മുന്നോടിയായി പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. ഡോക്ടർമാരെ ആലുവ പൊലീസ് ക്ലബിൽ എത്തിച്ചാണ് പരിശോധന പൂർത്തിയാക്കിയത്. പെരുമ്പാവൂർ ആശുപത്രിയിലെ ഡോ പ്രേം ആണ് പ്രതിയെ പരിശോധനക്ക് വിധേയമാക്കിയത്.

കൊലപാതകത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രതിയെ പതിനഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണസംഘം അപേക്ഷ നൽകും. ഇതിന് ശേഷമാണ് തെളിവെടുപ്പുണ്ടാകുക എന്നാണ് അറിയുന്നത്. കോടതി വളപ്പില്‍ വന്‍ സുരക്ഷാ സന്നാഹമൊരുക്കാനാണ് പൊലീസിന്റെ പദ്ധതി.

വെബ്ദുനിയ വായിക്കുക