ആഭരണക്കവര്‍ച്ച: ആറു പേര്‍ അറസ്റ്റില്‍

Webdunia
വ്യാഴം, 14 ജനുവരി 2016 (10:59 IST)
ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി 1.30 കിലോ വരുന്ന സ്വര്‍ണ്ണാഭരണം കവര്‍ന്ന വിവാദ കേസുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  കോഴിക്കോട്ടെ ആലൂക്കാസ് ജ്വല്ലറിയില്‍ ജോലി ചെയ്തിരുന്ന മുന്‍ ജീവനക്കാരനായ കാപ്പാട് സ്വദേശി റഷീദിന്‍റെ  സഹായത്തോടെയായിരുന്നു കഴിഞ്ഞ ഒക്റ്റോബര്‍ 26 ന് റഫീഖ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം വളരെ ആസൂത്രിതമായി സ്വര്‍ണ്ണം തട്ടിയെടുത്തത്.

റാം‍മോഹന്‍ റോഡിലെ ആലൂക്കാസ് ജ്വല്ലറിയില്‍ നിന്ന് ആഭരണം ഹാള്‍മാര്‍ക്ക് ചെയ്യാനായി പാളയത്തെ സ്ഥാപനത്തിലേക്ക് പതിവായി സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടുപോകുന്നത് റഫീഖ് മനസിലാക്കി. തുടര്‍ന്ന് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന കവര്‍ച്ച നടത്തുകയായിരുന്നു. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് പ്രധാന പ്രതിയായ റഫീഖ്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്.

കോഴിക്കോട് മായനാട് പുത്തന്‍പുരയില്‍ റഫീഖ്(42)  കാപ്പാട് വെള്ളരിക്കുണ്ട് കാര്യം കടവത്ത് പി ടി റഷീദ് (28), കല്ലായി ചക്കുംകടവ് പറമ്പ് ലാലു എന്ന മര്‍ഷിദലി(27), മാഹി പന്തക്കല്‍ ചൈതന്യ ഹൗസില്‍ നിഷാന്ത്(31), വയനാട് മുട്ടില്‍ കുഴക്കുമേത്തല്‍ ബഷീര്‍(41) കോഴിക്കോട് നല്ലളം കീഴില്ലത്ത് മുബാറക്ക്(31) എന്നിവരാണ് പ്രതികള്‍.

ജ്വല്ലറി ജീവനക്കാരനായ ദിജിന്‍ ഹാള്‍ മാര്‍ക്ക് മുദ്ര പതിപ്പിച്ച സ്വര്‍ണ്ണവുമായി ജ്വല്ലറിയിലേക്ക് വരുമ്പോഴായിരുന്നു കാറിലെത്തിയ സംഘം അന്‍സാര്‍ ഹോട്ടലിനു മുന്നില്‍ വച്ച് തടഞ്ഞ് ബലമായി കാറില്‍ കയറ്റിയത്. തുടര്‍ന്ന് ദിജിന്‍റെ സ്കൂട്ടറില്‍ നിന്ന് സ്വര്‍ണ്ണമടങ്ങിയ സഞ്ചി കൈക്കലാക്കുകയും ചെയ്തു.

എന്നാല്‍ ജനം എത്തിയപ്പോള്‍ തങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് ജീവനക്കാരാണെന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു തടിതപ്പി. കാറില്‍ കയറ്റിയ ദിജിനെ മര്‍ദ്ദിച്ച് വഴിയരുകില്‍ തള്ളുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ മുംബൈയിലും കൊച്ചിയിലുമായി തട്ടിയെടുത്ത സ്വര്‍ണ്ണം വിറ്റഴിച്ചു. കസബ സി ഐ  ഇ സുനില്‍കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ ഉപയോഗിച്ച കാര്‍ പോണ്ടിച്ചേരിയില്‍ ഉണ്ടെന്നും പൊലീസിനുവിവരം ലഭിച്ചിട്ടുണ്ട്.