മാണിക്ക് പിന്നാലെ ജെഡിയുവും കോണ്‍ഗ്രസിനോട് ബൈ പറയുന്നു ?; യുഡിഎഫിന്റെ അടിത്തറ ശക്‌തമെന്ന് കുഞ്ഞാലിക്കുട്ടി

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2016 (15:01 IST)
കേരളാ കോണ്‍ഗ്രസ് (എം) മുന്നണി ബന്ധം അവസാനിപ്പിച്ചതോടെ യുഡിഎഫിലെ മറ്റു ഘടകകക്ഷികളും നിലപാട് കടുപ്പിക്കുന്നു. ഘടകക്ഷികളെ പുറമ്പോക്കിലുള്ളവരായിക്കാണുന്ന മനോഭാവം കോൺഗ്രസ് മാറ്റണമെന്ന് ജെഡിയു സംസ്‌ഥാന സെക്രട്ടറി ഷെയ്‌ക്ക് പി ഹാരിസ് പറഞ്ഞതോടെയാണ് പുതിയ സാഹചര്യങ്ങള്‍ രൂപ പെട്ടുവരുന്നുവെന്ന് വ്യക്തമാകുന്നത്.

പാർട്ടി ഉന്നയിച്ച പ്രശ്നങ്ങളിൽ കോണ്‍ഗ്രസ് പരിഹാരമുണ്ടാകണം. ഘടകക്ഷികളെ വലിപ്പ ചെറുപ്പത്തിന്റെ അടിസ്‌ഥാനത്തിലാണ് കോണ്‍ഗ്രസ് കാണുന്നത്. ഈ രീതി അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു. തെരഞ്ഞെടുപ്പ്  പരാജയങ്ങളെക്കുറിച്ച് പഠിക്കാൻ സമിതികളെ നിയോഗിച്ചിട്ടു മാത്രം കാര്യമില്ല. സമിതികൾ സമർപ്പിക്കുന്ന റിപ്പോർട്ട് പുറത്തു വിടണമെന്നും ഷെയ്ക് പി ഹാരിസ് പറഞ്ഞു.

അതേസമയം, നിലവിലെ സാഹചര്യങ്ങളെ തള്ളി മുൻ വ്യവസായ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. സംസ്‌ഥാനത്ത് യുഡിഎഫിന്റെ അടിത്തറ ഇപ്പോഴും ശക്‌തമാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ ജനകീയ വിഷയങ്ങളോട് അവഗണനാ മനോഭാവമാണ് പുലർത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
Next Article