പൊലീസിന്റെ നരനായാട്ടാണ് നിലമ്പൂരില്‍ നടന്നത്: രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം

ശനി, 26 നവം‌ബര്‍ 2016 (09:18 IST)
നിലമ്പൂരിലെ മാവോയിസ്റ്റ് കൊലപാതകത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി ഭരണപക്ഷം കൂടിയായ സിപിഐ രംഗത്ത്. നിലമ്പൂരില്‍ നടന്നത് ഏറ്റമുട്ടലാണെന്ന കാര്യം ആവര്‍ത്തിച്ചും അക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചുമാണ് തങ്ങളുടെ മുഖപത്രമായ ജനയുഗത്തില്‍ സി‌പി‌ഐ നിലപാട് വ്യക്തമാക്കിയത്.    
 
ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചതെന്ന വാര്‍ത്തയുടെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ന്യായമായ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നിലമ്പൂരില്‍ മനുഷ്യാവകാശ ലംഘനം നടന്നുവെന്നും ഛത്തിസ്ഗഡിലും ഝാര്‍ഖണ്ഡിലും അരങ്ങേറുന്ന നരനായാട്ടാണ് നടന്നതെന്നുമുള്ള സംശയവും നിലവിലുണ്ട്. അതിനാല്‍ നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും അന്വേഷണ വിധേയമാവണമെന്നും ജനയുഗം എഡിറ്റോറിയലില്‍ ആവശ്യപ്പെടുന്നു.
 
ജനയുഗത്തിലെ എഡിറ്റോറിയലിന്‍റെ പൂര്‍ണരൂപം: 
 
നിലമ്പൂർ വനത്തിൽ രണ്ട്‌ മാവോവാദികളെ ഏറ്റുമുട്ടലിൽ പൊലീസ്‌ വധിച്ചുവെന്ന വാർത്ത ജനാധിപത്യ കേരളത്തെ അസ്വസ്ഥമാക്കുന്നു. എന്താണ്‌ യഥാർത്ഥത്തിൽ എടക്കരയ്ക്ക്‌ സമീപം കരുളായി വനമേഖലയിൽ നടന്നതെന്നതിന്റെ വിശദാംശങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എഴുപതുകളുടെ ആരംഭത്തിൽ പൊലീസ്‌ കൊല ചെയ്ത നക്സൽ നേതാവ്‌ വർഗീസിന്‌ ശേഷം സംസ്ഥാനത്ത്‌ മാവോവാദത്തിന്റെ പേരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്‌ ഇതാദ്യമാണ്‌. 
 
വയനാട്ടിലെ ആദിവാസികൾക്കിടയിൽ ജന്മിത്വത്തിനെതിരായി പ്രവർത്തിച്ചിരുന്ന വർഗീസിനെ പൊലീസ്‌ പിടികൂടി കസ്റ്റഡിയിൽ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന്‌ 40 വർഷങ്ങൾക്ക്‌ ശേഷമാണ്‌ സ്ഥിരീകരിക്കപ്പെട്ടത്‌. അതിന്റെ പേരിൽ കൊലപാതകത്തിന്‌ നേതൃത്വം നൽകിയ മുൻ പൊലീസ്‌ ഓഫീസർ കെ ലക്ഷ്മണ കുറ്റക്കാരനാണെന്ന്‌ സിബിഐ കോടതി കണ്ടെത്തിയിരുന്നു. ലക്ഷ്മണയ്ക്ക്‌ ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിക്കുകയുമുണ്ടായി. രാജ്യത്ത്‌ 687 ജില്ലകളിൽ മൂന്നിലൊന്നിലും മാവോയിസ്റ്റ്‌ സാന്നിധ്യമുണ്ടെന്നാണ്‌ ഭരണകൂടവും രഹസ്യാന്വേഷണ ഏജൻസികളടക്കം അധികൃതരും പറയുന്നത്‌. ത്സാർഖണ്ഡ്‌, ഛത്തിസ്ഗഡ്‌, ഒഡിഷ, തെലങ്കാന എന്നിവിടങ്ങളിൽ മാവോവാദികൾക്കെതിരായ വേട്ടയും ഏറ്റുമുട്ടലും സുരക്ഷാസേനക്കടക്കം ആൾനാശം സംഭവിക്കുന്നതും പതിവ്‌ വാർത്തകളാണ്‌. 
 
മാവോവാദികൾക്കെതിരായ വേട്ടയുടെ പേരിൽ ആസൂത്രിത കൊലപാതകങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പതിവാണെന്ന പരാതി വ്യാപകമാണ്‌. എല്ലാ മനുഷ്യാവകാശങ്ങളും കാറ്റിൽപറത്തി സർക്കാർ ചെലവിൽ സാൽവ ജുദം പോലുള്ള കൊലപാതക സംഘങ്ങളെ കയറൂരിവിടാൻ ഭരണകൂടം തന്നെ നേതൃത്വം നൽകുന്നതിനെതിരെ സുപ്രിംകോടതിക്ക്‌ ഇടപെടേണ്ടിവന്നതും അത്തരം സംഘങ്ങൾ പിരിച്ചുവിടാൻ ഭരണകൂടം നിർബന്ധിതമായതും രാജ്യത്തിന്റെ ചരിത്രത്തിലെ അപമാനകരമായ അധ്യായങ്ങളാണ്‌. അത്‌ കേരളം പോലെ ജനാധിപത്യത്തിനും സാക്ഷരതയ്ക്കും രാഷ്ട്രീയ സംസ്കാരത്തിനും ആഴത്തിൽ വേരോട്ടമുള്ള ഒരു സംസ്ഥാനത്ത്‌ ആവർത്തിച്ചുകൂട എന്ന കരുതലാണ്‌ നിലമ്പൂരിലെ സംഭവവികാസം നമ്മെ അസ്വസ്ഥമാക്കുന്നത്‌.
 
കരുളായി വനമേഖലയിൽ മാവോവാദികളുടെ താവളത്തിൽ കഴിഞ്ഞ ദിവസം പൊലീസ്‌, തണ്ടർബോൾട്ട്‌, ഭീകരവിരുദ്ധസേന എന്നിവരുടെ സംയുക്ത സംഘവുമായി ഏറ്റുമുട്ടൽ നടന്നുവെന്നുള്ള വാർത്തയുടെ നിജസ്ഥിതിയെ പറ്റി മനുഷ്യാവകാശ പ്രവർത്തകരടക്കം ന്യായമായ സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്‌. വെള്ളിയാഴ്ച രാവിലെ മാധ്യമപ്രവർത്തകരെ മൃതദേഹങ്ങൾ കിടക്കുന്ന സ്ഥലത്തേയ്ക്ക്‌ കൊണ്ടുപോകുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി ഉറപ്പു നൽകിയിരുന്നെങ്കിലും അത്‌ പാലിക്കപ്പെടുകയുണ്ടായില്ല. അത്‌ പൊലീസ്‌ ഭാഷ്യത്തെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തുന്നു. കാലത്ത്‌ ആറരയ്ക്ക്‌ തന്നെ എല്ലാ തയാറെടുപ്പുകളോടെയും എത്തിയ മാധ്യമസംഘത്തിൽ ചിലരെ വൈകുന്നേരം നാലുമണിയോടെ വനത്തിലേയ്ക്ക്‌ പോകാൻ അനുവദിച്ചെങ്കിലും സംഭവസ്ഥലത്ത്‌ എത്തുന്നതിൽ നിന്ന്‌ തടയുകയായിരുന്നുവെന്നാണ്‌ മനസിലാക്കുന്നത്‌. 
 
നിയമം കയ്യിലെടുക്കാനും സായുധകലാപത്തിനും മുതിരുന്നവരെ നിയമാനുസൃതം കർക്കശമായി നേരിടണമെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. എന്നാൽ ഇവിടെ മനുഷ്യാവകാശ ലംഘനം തന്നെ നടന്നുവെന്നും ഛത്തിസ്ഗഡിലും ഝാർഖണ്ഡിലും അരങ്ങേറുന്ന നരനായാട്ടാണ്‌ നടന്നതെന്നുമുള്ള സംശയം ശക്തമാണ്‌. അതുകൊണ്ടുതന്നെ നിലമ്പൂരിലെ മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുതകളും അന്വേഷണ വിധേയമാവണം. അത്‌ സുതാര്യമായി പൊതുജനങ്ങൾക്ക്‌ മുന്നിൽ കൊണ്ടുവരണം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിൽ നിന്നും പൊതുജനങ്ങൾ അത്‌ തീർച്ചയായും പ്രതീക്ഷിക്കുന്നു. സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തനത്തിനും അഭിപ്രായപ്രകടനങ്ങൾക്കുള്ള പൗരന്റെ സ്വാതന്ത്ര്യത്തിനും വിഘാതം സൃഷ്ടിക്കുന്ന, അതിന്‌ മനുഷ്യജീവൻ തന്നെ വിലയായി നൽകുന്ന അവസ്ഥ കേരളത്തിൽ ഒരു കാരണവശാലും സൃഷ്ടിക്കപ്പെടാൻ അവസരം നൽകിക്കൂട.
 
ഇന്ത്യയിലും കേരളത്തിലും മാവോവാദിയടക്കം തീവ്രവാദം ശക്തിപ്പെടുന്നെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഭരണകൂടത്തിന്‌ കൈകഴുകി ഒഴിഞ്ഞുമാറാനാവില്ല. രാജ്യത്തെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ദുരവസ്ഥയാണ്‌ തീവ്രവാദത്തിന്‌ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്‌. സ്വാതന്ത്ര്യത്തിന്റെ എഴുപത്‌ വർഷം പിന്നിടുമ്പോഴും ആദിവാസി ദളിത്‌ ജനവിഭാഗങ്ങൾ കടുത്ത അവഗണനയും ജീവിതദുരിതങ്ങളുമാണ്‌ പേറേണ്ടിവരുന്നത്‌. അതിനെ ചോദ്യം ചെയ്യുന്നവരെയും അതിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാൻ മുതിരുന്നവരെയും ദേശവിരുദ്ധരും ഭീകരവാദികളും മറ്റുമായി ചിത്രീകരിച്ച്‌ നിശബ്ദരാക്കാൻ നടക്കുന്ന ശ്രമം ജനാധിപത്യവിരുദ്ധവും ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാനാവാത്തതുമാണ്‌. അവർ ഉന്നയിക്കുന്ന വിഷയങ്ങൾക്ക്‌ നീതിപൂർവമായ പരിഹാരം കാണുന്നതിന്‌ പകരം അത്തരക്കാരെ നിശബ്ദരാക്കാനും ഉന്മൂലനം ചെയ്യാനും ഭരണകൂടത്തിന്റെ അറിവോടും ഒത്താശയോടും നടക്കുന്ന ശ്രമങ്ങൾ അത്യന്തം അപലപനീയമാണ്‌. 
 
ഛത്തിസ്ഗഡിലും ഝാർഖണ്ഡിലും അത്‌ മാവോവിരുദ്ധ വേട്ടയാണെങ്കിൽ ജമ്മുകശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അത്‌ സായുധസേന പ്രത്യേകാവകാശ നിയമത്തിന്റെ പേരിലാണ്‌ (ആംഡ്‌ ഫോഴ്സസ്‌ സ്പെഷൽ പവേഴ്സ്‌ ആക്ട്‌- എഎഫ്‌എസ്പിഎ) അരങ്ങേറുന്നത്‌. അത്തരം കാടൻ നിയമങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ല. കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനാധിപത്യത്തിന്റെ ഈ ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നാണ്‌ ജനങ്ങൾ ആഗ്രഹിക്കുന്നത്‌. അതുകൊണ്ടുതന്നെ നിലമ്പൂരിലെ സംഭവങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താൻ പിണറായി സർക്കാർ സത്വരം സന്നദ്ധമാവണം.

വെബ്ദുനിയ വായിക്കുക