ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ നിരാശയില്‍; ഇനി ഒരു രക്ഷയുമില്ല - ‘പണി പാളി’
വ്യാഴം, 15 ഡിസംബര്‍ 2016 (20:45 IST)
ഞായറാഴ്ച കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ ഫൈനലിനുള്ള ടിക്കറ്റില്ല. ടിക്കറ്റുകൾ എല്ലാം വിറ്റുതീർന്നതിനാലാണ് കലൂർ സ്റ്റേഡിയത്തിലെ ബോക്സിൽ അവസാനിപ്പിച്ചത്. ബുക്ക് മൈ ഷോ എന്ന ഓൺലൈൻ സൈറ്റ് വഴിയും സ്റ്റേഡിയം കൌണ്ടര്‍ വഴിയുമുള്ള ടിക്കറ്റ് വിൽപനയാണ് അവസാനിച്ചിരിക്കുന്നത്.
ബുക്ക് മൈ ഷോയില്‍ ഇന്നലെ തന്നെ ടിക്കറ്റ് തീര്‍ന്നതിനാല്‍ സ്റ്റേഡിയത്തിലെ കൌണ്ടര്‍ വഴിയാണു ടിക്കറ്റ് വിൽപ്പന തുടർന്നു വന്നിരുന്നത്. ഇന്നു ഉച്ചയോടെ ഇതും അവസാനിച്ചു. ഗാലറിക്കുള്ള 300 രൂപയുടെ ടിക്കറ്റായിരുന്ന സ്റ്റേഡിയം സ്റ്റാൻഡ് വഴി വിറ്റിരുന്നത്. 500 രൂപയുടെ ചെയർ ടിക്കറ്റ് ബുക്ക്മൈഷോയിൽ അദ്യഘട്ടത്തില്‍ കാണിച്ചിരുന്നെങ്കിലും നേരത്തെ തന്നെ വിറ്റു തീർന്നു.
വൈകിട്ട് കലൂർ സ്റ്റേഡിയത്തിലെത്തിയവർ നിരാശയോടെയാണു മടങ്ങിയത്. ഇതു ചെറിയ വാക്കേറ്റങ്ങളിലും കലാശിച്ചു.
സെമിയില്‍ കേരളം വിജയിച്ചതോടെ ബുധനാഴ്‌ച രാത്രി ഓൺലൈൻ വിൽപ്പനയിൽ വൻ വർധനയാണുണ്ടായത്. ഞായറാഴ്ച വൈകിട്ടാണ് കേരള ബ്ലാസ്റ്റേഴ്സും അത്‍ലറ്റികോ ഡി കൊൽക്കത്തയും തമ്മിലുള്ള ഫൈനൽ പോരാട്ടം.