ടോം ജോസിനെതിരെ സര്‍ക്കാര്‍ അന്വേഷണം

Webdunia
ബുധന്‍, 18 ജൂണ്‍ 2014 (11:34 IST)
തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ മുതിര്‍ന്ന ഐഎഎസുകാരന്‍ ടോം ജോസിനെതിരെ സര്‍ക്കാര്‍ അന്വേഷണം.

മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന സമയത്ത് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്ഗ എന്ന സ്ഥലത്ത് ഭൂമി വാങ്ങാനായി വായ്പ്പയെടുത്ത ഒന്നേമുക്കാല്‍ കോടി രൂപ പെട്ടെന്ന് തിരിച്ചടച്ചതിനെത്തുടര്‍ന്നാണ് പണത്തിനെ ഉറവിടത്തേക്കുറിച്ച് അന്വേഷിക്കുന്നത്.

സിവില്‍ സര്‍വ്വീസ് ചട്ടമനുസരിച്ച് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നേടാതെ ഭൂമി വാങ്ങിയത് നേരത്തെ വിവാദമായിരുന്നു. സംഗതി വിവാദമായതോടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ ഇക്കാര്യത്തില്‍ ടോംജോസിനോട് വിശദീകരണം തേടിയിരുന്നു.

40 ലക്ഷം രൂപ സ്വന്തം പണമാണെന്നും ശേഷിക്കുന്നത് ബാങ്ക് വായ്പയാണെന്നുമാണ് അന്ന് ടോം ജോസ് നല്‍കിയ വിശദീകരണം. എന്നാല്‍, ഈ വായ്പ ഒരുവര്‍ഷത്തിനകം തിരിച്ചടച്ചതാണ് ദുരൂഹത ഉയര്‍ത്തിയിരിക്കുന്നത്. രണ്ടുപേര്‍ വായ്പ നല്‍കി സഹായിച്ചു എന്നാണ് ഇതിന് ടോം നല്‍കിയ വിശദീകരണം.

ഇക്കാര്യമാണ് അന്വേഷിക്കുന്നത്. വായ്പ നല്‍കിയവരുടെ പാന്‍കാര്‍ഡ്, ബാങ്ക് ഇടപാട് രേഖകള്‍ എന്നിവ ഹാജാരാക്കാന്‍ ടോംജോസിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്