സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ഐഎന്‍ടിയുസി സമരത്തിലേക്ക്

വ്യാഴം, 28 ഓഗസ്റ്റ് 2014 (15:16 IST)
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ഐഎന്‍ടിയുസി സമരത്തിലേക്ക്. പുതിയ മദ്യനയത്തിനെതിരേ സമരം ചെയ്യുമെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ മദ്യനയത്തോട് കടുത്ത വിയോജിപ്പുണ്ടെന്നും ഈ രീതിയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ കടുത്ത സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 
 
സിഐടിയു പോലുളള സംഘടനകള്‍ മദ്യനയത്തോട് മൃദുസമീപനം പാലിക്കുമ്പോള്‍ സമാന ചിന്താഗതിയുളള സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജനപ്രീതിയ്ക്കു വേണ്ടി എടുത്ത തീരുമാനമാണിതെന്ന് ചന്ദ്രശേഖരന്‍ പരിഹസിച്ചു. 
 
കെപിസിസി പ്രസിഡന്റിന് വേണമെങ്കില്‍ കോണ്‍ഗ്രസുകാരെ മദ്യപിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താം. സമുദായിക നേതാക്കള്‍ക്ക് തങ്ങളുടെ സമുദായത്തില്‍പെട്ടവരോട് മദ്യപിക്കരുതെന്ന് നിര്‍ഷ്‌കര്‍ഷിക്കാം പക്ഷേ സംസ്ഥാനത്ത് മുഴുവന്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക