രാജ്യത്ത് ചര്‍ച്ചാവിഷയമായ ബീഫ് വിവാദത്തെ പരോക്ഷമായി പരാമര്‍ശിച്ച് ലോക്സഭയിൽ ഇന്നസെന്റ് എംപി. വല്ലവന്റെയും അടുക്കളയിൽ എന്തുണ്ടാക്കുന്നു, എന്തുകഴിക്കുന്നുവെന്ന് നോക്കലല്ല നമ്മുടെ ജോലി. വോട്ടുതന്ന് ഇങ്ങോട്ട് പറഞ്ഞുവിട്ട ജനത്തിന് ഉപകാരമുള്ള എന്തെങ്കിലും ചെയ്യണം. നമ്മുക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്. അതിനു തന്നെയാകണം നമ്മൾ പ്രധാന്യം നൽകേണ്ടതെന്നും ഇന്നസെന്റ് പറഞ്ഞു.
സ്വകാര്യ ആശുപത്രികളുടെ ചൂഷണവും അവശ്യ മരുന്നുകളുടെ ആവശ്യകതയും പറ്റിയാണ് ഇന്നസെന്റ് പാർലമെന്റിൽ പ്രധാനമായും സംസാരിച്ചത്. മരുന്ന് കമ്പനികള്‍ സാധാരണക്കാരെ പിഴിയുകയാണ്. ഗ്രാമങ്ങളിലും മറ്റും താമസിക്കുന്ന പാവപ്പെട്ടവരുടെമേൽ ആശുപത്രികളും മരുന്ന് കമ്പനികളും നടത്തുന്ന ചൂഷണം നിർത്തണമെന്നും ഇന്നസെന്റ് പറഞ്ഞു.
ക്യാൻസർ മരുന്നുകൾക്ക് അമിതമായ വിലയാണ് ഏര്‍പ്പെടുത്തുന്ന രീതി അവസാനിപ്പിക്കണം. എല്ലാവർക്കും ആവശ്യമായ ചികിൽസ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മാമോഗ്രാം തുടങ്ങിയ സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്. സാധാരണക്കാരില്‍ നിന്നും പാവപ്പെട്ടവരില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ കൊള്ളയടിക്കുകയാണ്. വിദേശ രാജ്യങ്ങള്‍ ഒഴിവാക്കുന്ന മരുന്നുകളാണ് മിക്കവാറും ഇന്ത്യയിലെത്തുന്നതെന്നും ഇന്നസെന്റ് പറഞ്ഞു. മലയാളത്തിലായിരുന്നു ഇന്നസെന്റിന്റെ പ്രസംഗം.