മലയാളിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ രസീല രാജുവിനെ പുനെയിലെ ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ബന്ധുക്കൾ.
പല കാരണങ്ങള്‍ പറഞ്ഞ് കമ്പനി മാനേജർ രസീലയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കേസില്‍ പ്രതിയെന്ന് കരുതുന്ന സുരക്ഷാ ജീവനക്കാരൻ ബാബൻ സൈക്കിയയെക്കുറിച്ച് രസീല ഒരിക്കല്‍ പോലും പരാതി പറഞ്ഞിരുന്നില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
പുനെയില്‍ ജോലിക്ക് കയറിയ ആദ്യ മൂന്ന് മാസം രസീല സന്തോഷത്തിലായിരുന്നുവെങ്കിലും പിന്നീട് മാനേജരിൽ നിന്നു മാനസിക സമ്മര്‍ദ്ദം നേരിടുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ട്രാന്‍സ്‌ഫര്‍ ലഭിക്കാത്തതിലും അവള്‍ക്ക് നിരാശയുണ്ടായിരുന്നു. സംഭവം നടന്ന ഞായറാഴ്‌ച രസീലയുമായി ഫോണിൽ അവസാനം സംസാരിച്ചത് മാതൃസഹോദരിയുടെ മകൾ ആതിരയോട് ഇക്കാര്യങ്ങള്‍ രസീല വ്യക്തമാക്കുകയും ചെയ്‌തിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മരണാനന്തര ചടങ്ങുകൾക്കുശേഷം പുനെയിലെത്തി മാനേജർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നു രസീലയുടെ ബന്ധുക്കൾ അറിയിച്ചു. ഓഫീസിനുള്ളിൽ കമ്പ്യൂട്ടര്‍ വയർ കഴുത്തിൽ മുറുകിയ നിലയിലാണ് രസീലയുടെ മൃതദേഹം കണ്ടെത്തിയത്.