ബന്ധുനിയമനവിവാദത്തില്‍ വ്യവസായമന്ത്രി ഇ പി ജയരാജനെതിരെ ത്വരിതപരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചു. അതേസമയം, ജയരാജന്‍ രാജിസന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായും മുഖ്യമന്ത്രിക്ക് രാജി കൈമാറിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് ഇതുവരെ രാജി കൈമാറിയിട്ടില്ലെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. അതേസമയം, ജയരാജന്‍ രാജി വെക്കുന്ന സാഹചര്യമുണ്ടായാല്‍ ആരായിരിക്കും മന്ത്രി എന്ന കാര്യത്തില്‍ അണിയറ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ജയരാജന്‍ രാജി വെക്കുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ മുന്‍മന്ത്രി ആയിരുന്ന എസ് ശര്‍മ്മയെ മന്ത്രിയാക്കണമെന്ന നിലപാടാണ് വി എസ് - ബേബി പക്ഷത്തിനുള്ളത്. കൂടാതെ, വി എസ് പക്ഷക്കാരനായ സുരേഷ് കുറുപ്പിന്റെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. വന്‍ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പേരുകളായിരുന്നു ഇവര്‍ രണ്ടുപേരുടെയും. എന്നാല്‍ അവസാനനിമിഷം മന്ത്രിപട്ടികയില്‍ നിന്ന് ഇവര്‍ പുറത്താകുകയായിരുന്നു. അതുകൊണ്ടായിരുന്നു ഇത്തവണ ഇരുവരുടെയും പേരുകള്‍ കേട്ടു തുടങ്ങിയത്.
എന്നാല്‍ വി എസ് പക്ഷത്തിന്റെ ആവശ്യം പിണറായി വിഭാഗം അംഗീകരിച്ചേക്കില്ല. തൃപ്പുണ്ണിത്തുറയില്‍ മുന്‍മന്ത്രി കെ ബാബുവിനെ മലര്‍ത്തിയടിച്ച് നിയമസഭയില്‍ എത്തിയ എം സ്വരാജിനെ മന്ത്രിയാക്കണമെന്ന് ആദ്യം മുതല്‍ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജയരാജന്‍ മന്ത്രിക്കസേര ഒഴിയുമ്പോള്‍ സ്വരാജ് മന്ത്രിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
വ്യവസായിയും ബേപ്പൂരില്‍ നിന്നുള്ള എം എല്‍ എയുമായ വി കെ സി മമ്മദ് കോയയുടെ പേരും മന്ത്രിസ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. പ്രമുഖ ചെരുപ്പ് നിര്‍മ്മാണ കമ്പനിയായ വി കെ സിയുടെ ഉടമയാണെന്നതും മുഖ്യമന്ത്രി പിണറായി വിജയന് താല്പര്യമുള്ള വ്യക്തിയെന്ന നിലയിലും വ്യവസായവകുപ്പ് മമ്മദ് കോയയെ ഏല്പിക്കാനും സാധ്യത കാണുന്നവരുണ്ട്. ഏതായാലും, ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജന്റെ രാജി സംബന്ധിച്ചും ബാക്കി കാര്യങ്ങള്‍ സംബന്ധിച്ചും അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.