ജയലളിതയുടെ എ ഐ എ ഡി എം കെ യുടെ സ്ഥാനാർത്ഥികള്‍ ഇടുക്കി ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ മത്സരിക്കും. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജു രമേശാണ് എ ഐ എ ഡി എം കെ യുടെ മറ്റൊരു സ്ഥാനാര്‍ത്ഥി.
ഇടുക്കി ജില്ലയിലെ പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം എന്നീ മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. തമിഴ്നാട്ടിനോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശങ്ങളില്‍ തമിഴ്ജനതയ്ക്കുള്ള സ്വാധീനം വോട്ടാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണു പാര്‍ട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചില വാര്‍ഡുകളില്‍ വിജയിച്ചിരുന്നു.
പീരുമേട്ടില്‍ അബ്ദുള്‍ ഖാദര്‍, ഉടുമ്പന്‍ചോലയില്‍ സോമന് ഭാസ്കരന്, ദേവികുളത്ത് ധനലക്ഷ്മി എന്നിവരാണു പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍. മുല്ലപ്പെരിയാര്‍ പ്രശ്നവും തോട്ടം മേഖലയിലെ പ്രശ്നങ്ങളും മുന്‍നിര്‍ത്തിയാവും പാര്‍ട്ടി വോട്ടര്‍മാരെ സമീപിക്കുക.
മുല്ലപ്പെരിയാര്‍ വിഷയം സങ്കീര്‍ണ്ണമാവുന്നതിനൊപ്പം ഇടുക്കിയിലെ ഭരണ കേന്ദ്രങ്ങളില്‍ തങ്ങളുടെ ജനപ്രതിനിധികളും ഉണ്ടാവണമെന്ന് ജയലളിത പാര്‍ട്ടി അണികളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.