ഇടമലയാര്‍ ആനവേട്ടക്കേസില്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ളവർക്ക് ബന്ധമുണ്ടെന്ന് സൂചന ലഭിച്ച സാഹചര്യത്തില്‍
കേന്ദ്ര വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു. ആസൂത്രിതമായ ആനവേട്ടയാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചു.
ആനവേട്ടക്കേസ് അന്വേഷണത്തിന് ദേശീയ ഏജൻസിയായ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ സഹായം തേടുമെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആനവേട്ടക്കേസിലെ മുഖ്യപ്രതി കുട്ടമ്പുഴ കൂവപ്പാറ ഐക്കരമറ്റം വാസു (52)വിന്റെ മരണത്തോടെ കേസ് വനംവകുപ്പിൽനിന്നു മാറ്റി മറ്റേതെങ്കിലും ഏജൻസിയെക്കൊണ്ട് അന്വേഷിക്കാനുള്ള നീക്കം സർക്കാർ തുടങ്ങിയിരുന്നു.
ആനകളെ വെടിവച്ചു വീഴ്ത്തുന്നതു വാസുവാണെന്നായിരുന്നു വനംവകുപ്പിന്റെ കണ്ടെത്തൽ. കൊമ്പിനായി ഇരുപതോളം ആനകളെ കൊന്നിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആനവേട്ടക്കാരുടെ സഹായിയായിരുന്ന കുട്ടമ്പുഴ സ്വദേശി കുഞ്ഞുമോൻ പിടിയിലായതോടെയാണ് വാസുവിനുവേണ്ടി വനപാലകർ അന്വേഷണം തുടങ്ങിയത്.
എന്നാല്‍ പിടിയിലായവര്‍ ഇടം നിലക്കാരും ആനവേട്ടക്കാരും മാത്രമാണ്. പലരും ആനക്കൊമ്പ് കൊണ്ട് അലങ്കാര വസ്തുക്കള്‍ നിര്‍മിക്കുന്നവരുമാണ്. ആനവേട്ടയ്‌ക്ക് ചുക്കാന്‍ പിടിച്ചവരെയും ഇടപാടുകള്‍ നടത്തിയവരെയും കുറിച്ച് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം ദേശീയ ഏജൻസിക്ക് കൈമാറാന്‍ വനംവകുപ്പ് മന്ത്രി തീരുമാനിച്ചത്.