94,000 രൂപയ്ക്ക് ഐഫോണ്‍ വാങ്ങി; പണത്തിനു പകരം കൊടുത്തത് കടലാസുപൊതി, 29-കാരന്‍ പിടിയില്‍

Webdunia
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (11:27 IST)
ഫോണ്‍ വാങ്ങിയശേഷം പണമെന്ന് പറഞ്ഞ് കടലാസുപൊതി നല്‍കി മുങ്ങിയ പ്രതി പൊലീസ് പിടിയില്‍. കൊല്ലം ശൂരനാട് വെസ്റ്റ് ഇരവുചിറ പ്ലാവിലയില്‍ വീട്ടില്‍ വിഷ്ണു(29) ആണ് പിടിയിലായത്. ഈര കൊച്ചിപറമ്പില്‍ ഡോണിയുടെ പരാതിയിലാണ് അറസ്റ്റ്. ഞായറാഴ്ച വൈകിട്ട് തിരുന്നക്കരയിലായിരുന്നു സംഭവം.
 
94,000 രൂപയുടെ ഐ ഫോണ്‍ വില്‍ക്കുന്നതിന് യുവാവ് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ടാണ് പ്രതി വിഷ്ണു യുവാവിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് 94,000 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും യുവാവിനെ കോട്ടയത്തേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. 
 
തിരുന്നക്കരയിലെത്തിയ ഇരുവരും സംസാരിച്ച് നടക്കുന്നതിനിടെ പ്രതി പണമെന്ന് തോന്നിപ്പിക്കുന്ന കടലാസുപൊതി യുവാവിന്റെ കൈയില്‍വച്ച ശേഷം ഫോണ്‍ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. ആസാദ് ലൈന്‍ റോഡിലൂടെ ഓടിയ പ്രതിയെ നാട്ടുകാരും പൊലീസും പിടികൂടി. 
 
പണത്തിന്റെ രൂപത്തില്‍ കീറിയെടുത്ത കടലാസുകളായിരുന്നു പ്രതി നല്‍കിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article