കെഎസ്ആര്‍ടിസി കണ്ടക്ടറായ ഭാര്യയെ ഭര്‍ത്താവ് കുത്തറുത്ത് കൊന്നു. കൊലപാതകം നടത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന ടോമി ടി യാര്‍ലിയാണ് മരിച്ചത്. ചവറ കോയിവിളയിലാണ് ദാരുണമായ ഈ സംഭവം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് ടോമി ഡ്യൂട്ടി കഴിഞ്ഞത്തിയത്. ഭര്‍ത്താവ് ബാബുവാണ് ചവറ കെഎംഎംഎല്‍ ജംഗഷനില്‍ പോയി ടോമിയെ കൂട്ടികൊണ്ട് വന്നത്. ടോമിയുടെ സഹോദരിയുടെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകം.
ദമ്പതികള്‍ തമ്മില്‍ സ്ഥിരമായി വഴക്ക് നടന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ ശേഷം ബാബു അയല്‍ വീട്ടില്‍ താമസിക്കുന്ന മാതൃസഹോദരിയുടെ വീട്ടില്‍ പോയി ടോര്‍ച്ച് വാങ്ങിയിരുന്നു. ഇത് തിരിച്ചു വാങ്ങിക്കാനായി രാവിലെ വീട്ടിലെത്തിയ മാതൃസഹോദരി ഇവരെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ജനലില്‍ വഴി നോക്കിയപ്പോഴാണ് മുറിയില്‍ രക്തം തളം കെട്ടി കിടക്കുന്നത് കണ്ടത്.
തുടര്‍ന്ന് നാട്ടുകാരെത്തി പൊലീസില്‍ വിവരമറിയച്ചതിന്റെ അടിസ്ഥാനത്തില്‍ തെക്കുംഭാഗം പൊലീസ് സ്ഥലത്തെത്തി വീട് തുറന്നു പരിശോധിച്ചു. അപ്പോളാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ ടോമിയേയും സമീപം അവശനിലയില്‍ ബാബുവിനെയും കണ്ടത്. ബാബുവിനെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്കും ടോമിയുടെ മൃതദേഹം കരുനാഗപ്പളളി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
വിദേശത്തായിരുന്ന ബാബു നാട്ടിലെത്തിയിട്ട് ഏഴു മാസമായി. ഈ അടുത്തകാലത്താണ് ബാബുവും കുടുംബവും പുതിയ വീട് വച്ച് താമസം തുടങ്ങിയത്. കൊലപാതകേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ആത്മഹത്യക്ക് ശ്രമിച്ച ബാബു.