കാട്ടാനയുടെ ചവിട്ടേറ്റ് വയോധികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വെള്ളി, 8 ജൂലൈ 2016 (12:14 IST)
കാട്ടാനയുടെ ചവിട്ടേറ്റ് വയോധികയായ വീട്ടമ്മ മരിച്ചു. ആനമൂളി ഉരുളന്‍കുന്ന് പരേതനായ തലച്ചറവീട്ടില്‍ സോമന്‍റെ ഭാര്യ കല്യാണിയമ്മ എന്ന ശോഭന (58) യാണ് വീട്ടിനു സമീപം വച്ച് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണമായി മരിച്ചത്.
 
കഴിഞ്ഞ ദിവസം രാവിലെ അയല്‍വീട്ടില്‍ പോയി മടങ്ങിവരവേയാണു കല്യാണി കാട്ടാനക്കൂട്ടത്തിനു മുന്നില്‍ അകപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആനക്കട്ടി റോഡില്‍ അഞ്ച് മണിക്കൂറിലേറെ ഉപരോധം സൃഷ്ടിച്ചു.
 
ആനക്കൂട്ടത്തില്‍ നിന്ന് ജീവനു രക്ഷ ലഭിക്കാന്‍ അധികാരികള്‍ ഉറപ്പ് തന്നാല്‍ മാത്രമേ മൃതദേഹം മാറ്റാന്‍ കഴിയു എന്ന് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഡി.എഫ്.ഒ, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണു നാട്ടുകാര്‍ വഴങ്ങിയത്. 
 
കാട്ടാന കൂട്ടത്തെ നിയന്ത്രിക്കാന്‍ പ്രത്യേക വൈദ്യുതി വേലി നിര്‍മ്മിക്കാമെന്നും ഇതിനൊപ്പം ആനമൂളിയില്‍ പ്രത്യേക വനപാലക സ്ക്വാഡ് രൂപീകരിക്കാമെന്നും അധികാരികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക