പാലക്കാട്ടെ തേങ്കുറിശ്ശിയിൽ ജാതിക്കൊലയ്ക്ക് ഇരയായി കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യാപിതാവ് കസ്റ്റഡിയിൽ. കൊല നടത്തിയ ശേഷം ഒളിവിൽ പോയ കുഴൽമന്ദം സ്വദേശി പ്രഭുകുമാറിനെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഇന്നലെത്തന്നെ അനീഷിന്‍റെ ഭാര്യയുടെ അമ്മാവൻ സുരേഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മരണം ദുരഭിമാനക്കൊലയെന്നാണ് കൊല്ലപ്പെട്ട അനീഷിന്റെ ബന്ധുക്കൾ പറയുന്നത്. എന്നാൽ കസ്റ്റഡിയിലായ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ദുരഭിമാനക്കൊലയെന്ന് പറയാന്‍ കഴിയൂ എന്നാണ് പോലീസ് നിലപാട്.
അതേസമയം അനീഷിന്റെ ഭാര്യാപിതാവ് അനീഷിനെ കൊല്ലുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നുവെന്ന് അനീഷിന്റെ സഹോദരൻ അരുൺ പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ എല്ലാം അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണി. കല്യാണം കഴിഞ്ഞ് കൃത്യം മൂന്ന് മാസം തികയുന്ന ദിവസമായിരുന്നു ഇന്നലെ. അന്ന് തന്നെയാണ് ബൈക്കിലെത്തിയ സംഘം കൊലപാതകം നടത്തിയത്. അനീഷും സഹോദരനും കൂടി ബൈക്കില്‍ പോവുകയായിരുന്നു.
സമീപത്തെ കടയില്‍ സോഡ കുടിക്കാനായി ബൈക്ക് നിര്‍ത്തിയപ്പോള്‍ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു. അനീഷിന്റെ കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.