സ്ഥലം മാറ്റത്തിൽ ഇടപെടരുത്: ഡിജിപിയുടെ ഉത്തരവ് തിരുത്തി ആഭ്യന്തര വകുപ്പ്

വെള്ളി, 28 ഓഗസ്റ്റ് 2020 (11:48 IST)
സായുധ സേനയിലെ അസിസ്റ്റന്റ് കമാൻഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഡിജിപിയുടെ ഉത്തരവ് തിരുത്തി ആഭ്യന്തര വകുപ്പ്. സർക്കാർ നടപടിക്ക് വിരുദ്ധമായി അഞ്ച് അസിസ്റ്റന്റ് കമാന്‍ഡന്റുമാരെ ഡിജിപി മാറ്റി നിയമിച്ചിരുന്നു. ഇത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ്  അഞ്ച് പേരെയും തിരിച്ചുവിളിച്ചിരിക്കുന്നത്.
 
ജൂലൈ 27ആം തിയ്യതിയാണ് ഇന്‍സ്‌പെക്ടര്‍മാരെ കമാന്‍ഡന്റുമാരായി സ്ഥാനക്കയറ്റം നല്‍കി പല ഇടങ്ങളിലായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. എന്നാൽ ഈ ഉത്തരവ് മാറ്റി ഉദ്യോഗസ്ഥരെ അവർക്ക് സൗകര്യമുള്ള ഇടങ്ങളിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു. ഇതാണ് ആഭ്യന്തരവകുപ്പ് തിരുത്തിയത്.
 
സര്‍വ്വീസ് ചട്ടങ്ങളിലെ റൂള്‍ 32 ബി പ്രകാരം ഇതിന് അധികാരം സര്‍ക്കാരിന് മാത്രമാണെന്നും ഇത് ലംഘിച്ചുകൊണ്ടാണ് ഡിജിപി നടപടി എടുത്തതെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍