വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ ജാഗ്രത പാലിക്കാന്‍ പൊലീസിനു നിര്‍ദേശം. തീരദേശ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ജാഗ്രത ശക്തമാക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാര്‍ നിര്‍ദേശം നല്‍കി.
വിഴിഞ്ഞത്തു പൊലീസ് സ്റ്റേഷനു നേരെ അക്രമുണ്ടായ പശ്ചാത്തലത്തിലാണ് നിര്‍ദേശം. കലാപസമാനമായ സാഹചര്യം നേരിടാന്‍ സജ്ജമാവാനാണ് സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. റേഞ്ച് ഡിഐജിമാര്‍ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്തണം. പൊലീസ് ഉദ്യോഗസ്ഥരുടെ അവധിക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ അവധി വേണ്ടവര്‍ ജില്ലാ പൊലീസ് മേധാവിയുടെ അനുമതി തേടണം.