Heavy Rain: അതിതീവ്രമഴ, ഡാമുകൾ നിറയുന്നു, ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു: ജാഗ്രതാനിർദേശം

തിങ്കള്‍, 1 ഓഗസ്റ്റ് 2022 (15:12 IST)
കേരളത്തിൽ അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ 7 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള 7 ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറത്ത് ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
 
അതേസമയം സംസ്ഥാനത്തെ 5 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിൽ ആണ് റെഡ് അലർട്ട്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ ഡാമിൻ്റെ നാലു ഷട്ടറുകളും അഞ്ചു സെൻ്റീമീറ്റർ വീതം ഉയർത്തി.പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 140 സെ. മീ ഉയർത്തി. 
 
സംസ്ഥാനത്ത് കനത്ത മഴയിൽ 3 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ടയിൽ കാർ തോട്ടിൽ വീണ് അച്ഛനും രണ്ട് മക്കളും മരിച്ചു.ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. മണ്ണിടിഞ്ഞും റോഡിൽ വെള്ളം കയറിയും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ഈരാറ്റുപേട്ട, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിൽ തഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൊല്ലത്തെ തീരമേഖലയിൽ കനത്ത് കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍