ഹെല്‍ത്തി കേരള: 2153 ഭക്ഷണശാലകള്‍ക്ക് നോട്ടീസ്, 24 എണ്ണം പൂട്ടി

Webdunia
ഞായര്‍, 4 സെപ്‌റ്റംബര്‍ 2016 (15:39 IST)
ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി ഓണക്കാലത്ത് പൊതുജനാരോഗ്യ സുരക്ഷ ഉറപ്പുവരുത്താനായി ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍, ബേക്കറികള്‍, കേറ്ററിംഗ് സെന്ററുകള്‍, റസ്റ്റോറന്റുകള്‍, സോഡാ കമ്പനികള്‍, ഐസ് ഫാക്ടറികള്‍ തുടങ്ങിയവയില്‍ പരിശോധന നടത്തി. വൃത്തിഹീനമായ അടുക്കളയും പരിസരവും, രോഗവാഹകരായ പാചകക്കാര്‍, പഴകിയ ആഹാരം, സുരക്ഷിതമല്ലാത്ത കുടിവെള്ളം തുടങ്ങി പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം പല സ്ഥലത്തും കണ്ടെത്തി. 
 
1023 ടീമുകളായി 4404 പേര്‍ 14905 ഭക്ഷണശാലകളും കടകളും പരിശോധിച്ചു. 24 സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുകയും 2153 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 1,67,400 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. 615 സ്ഥാപനങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതായും 179 സ്ഥാപനങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം ഉള്ളതായും കണ്ടെത്തി. 363 സ്ഥാപനങ്ങളില്‍ കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി. 
 
പുകവലി നിരോധിത മേഖല എന്ന ബോര്‍ഡില്ലാത്ത 1320 സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. 65 കേസുകള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കും 379 കേസുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നടപടിക്കായി ശുപാര്‍ശ ചെയ്തു. സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. വി. മീനാക്ഷി എന്നിവരും ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും നേതൃത്വം നല്‍കി.
Next Article