സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന: 40 വയസില്‍ താഴെയുള്ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി

ശ്രീനു എസ്
ബുധന്‍, 28 ഒക്‌ടോബര്‍ 2020 (18:23 IST)
കേരളത്തില്‍ രക്താതിമര്‍ദ്ദമുള്ളവരുടേയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടേയും എണ്ണം വളരെ കൂടുതലായതിനാല്‍ സ്ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്ട്രോക്ക്) ഏറിവരുന്നുണ്ട്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. അതിനാല്‍ ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് എല്ലാവരും സ്ട്രോക്കിനെപ്പറ്റി അറിയണമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബര്‍ 29ന് ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
 
ലോകാരോഗ്യ സംഘടനയും വേള്‍ഡ് സ്ട്രോക്ക് ഫെഡറേഷനും ചേര്‍ന്നാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 29ന് ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നത്. പക്ഷഘാതം തടയുന്നതിനായി പ്രവര്‍ത്ത നിരതരായിരിക്കുക എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ചെറിയ വ്യായാമങ്ങളിലൂടെയും ശരീരത്തിന്റെ ചലനങ്ങളിലൂടെയും സദാ പ്രവര്‍ത്തനക്ഷമമാക്കുന്നതു മൂലം രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും അതിലൂടെ സ്ട്രോക്ക് തടയാന്‍ സാധിക്കും എന്നതാണ് ഈ സന്ദേശത്തിന്റെ ശാസ്ത്രീയ വശം. നാം വെറുതെ നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും ജോലിയില്‍ ഏര്‍പ്പെടുമ്പോഴും ശരീരഭാഗങ്ങള്‍ ചലിപ്പിച്ചും ചുവടുകള്‍ വച്ചും എല്ലായ്പ്പോഴും കര്‍മ്മനിരതരായിരിക്കുക. അതിലൂടെ സ്ട്രോക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article