മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ഹാരിസ് ബീരാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടറിയുടെ മുന്‍പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ജനദ്രോഹ ബില്ലുകളെ ശക്തമായി എതിര്‍ക്കുമെന്ന് ഹാരിസ് ബീരാന്‍ പറഞ്ഞു.
എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതല്‍ ഡല്‍ഹി കെഎംസിസി യുടെ പ്രസിഡന്റ്, ലോയേഴ്സ് ഫോറം ദേശീയ കണ്‍വീന്‍. മുസ്ലിംലീഗ് ഭരണഘടനാ സമിതി അംഗം. പൗരത്വ നിയമഭേദഗതി ഉള്‍പ്പടെയുള്ള പാര്‍ട്ടിയുടെ മുഴുവന്‍ കേസുകളും ഡല്‍ഹി കേന്ദ്രീകരിച്ചു സുപ്രീംകോടതിയില്‍ ഏകോപിപ്പിക്കുന്നു. പല സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട കേസുകള്‍ നടത്തി ശ്രദ്ധേയമായി. ഡല്‍ഹി കേന്ദ്രീകരിച്ചു പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നതില്‍ ഹാരിസ് ബീരാന് നല്ല പങ്കുണ്ട്. പുതുതായി ഡല്‍ഹിയില്‍ ഉയരുന്ന മുസ്ലിം ലീഗ് ദേശിയ ആസ്ഥാനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നു.
പൗരത്വ വിവേചന കേസ്സിന് പുറമെ പ്രവാസി വോട്ട് അവകാശം സംബന്ധിച്ചുള്ള കേസ്, ഹിജാബ് കേസ്, ലവ് ജിഹാദ് കേസ് (ഹാദിയ), അബ്ദുല്‍ നാസര്‍ മഅദനിയുടെ കേസുകള്‍, ജേര്ണലിസ്റ്റ് സിദ്ധിഖ് കാപ്പന്റെ കേസ് തുടങ്ങിയ സുപ്രീം കോടയില്‍ വാദിച്ച് ശ്രദ്ധനേടി. യു.പി.എ സര്‍ക്കാര്‍ സമയത് വിദേശകാര്യ മന്ത്രാലയത്തിന്റെയും, പരിസ്ഥതി മന്ത്രലയത്തിന്റെയും അഭിഭാഷകനായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യം മക്കയില്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയിലും അംഗമായിരുന്നു.
കളമശ്ശേരി രാജഗിരി സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും, എറണാകുളം മഹാരാജാസ് കോളജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസവും, എറണാകുളം ഗവണ്മെന്റ് ലോ കോളേജില്‍നിന്നും നിയമബിരുദവും നേടി. 1998ല്‍ ഡല്‍ഹിയില്‍ അഭിഭാഷകനായി. സുപ്രീം കോടതിയില്‍ കപില്‍ സിബലിന്റെയും ദുഷ്യന്ത് ദാവേയുടെയും കീഴില്‍ പ്രാക്ടീസ് തുടങ്ങി.