അമീര്‍ ഖാന് നായകനായ പുതിയ ചിത്രം പി കെ യ്ക്കെതിരെ ഹനുമാന് സേനയുടെ പ്രതിഷേധ പ്രകടനം. കോഴിക്കോട് ക്രൌണ്‍ തിയേറ്ററിന് മുന്പിലായിരുന്നു പ്രതിഷേധം. പ്രകടനത്തില്‍ 30 ഓളം ഹനുമാന് സേന പ്രവര്‍ത്തകര്‍ പങ്കെടുത്തു. അനിഷ്ട് സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിത്രത്തില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ പ്രകടനം.
ചിത്രത്തിലെ ചില രംഗങ്ങള്‍ മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്നാരോപിച്ച് നിരവധി ഹൈന്ദവ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പി കെ പ്രദര്‍ശിപ്പിക്കുന്ന അഹമ്മദാബാദിലെ പ്രമുഖ തിയേറ്റര്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. തിയേറ്ററിന്റെ ജനല്‍ ചില്ലുകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തെത്തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം തടസ്സപ്പെട്ടിരുന്നു. ഭോപാലിലും പ്രതിഷേധക്കാര്‍ പി കെയുടെ പ്രദര്‍ശനം മുടക്കിയിരുന്നു. ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ പി കെ തിയറ്ററുകളില്‍ വന്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്.