മൂവാറ്റുപുഴയില്‍ മതതീവ്രവാദികൾ അധ്യാപകന്‍റെ കൈവെട്ടിയ കേസില്‍ വിധി ഇന്ന്. ഏറണാകുളം എന്‍ ഐ എ കോടതി കേസില്‍ ഇന്ന് വിധിപറയുക. കേസില്‍ രഹസ്യ വിചാരണ പൂര്‍ത്തിയായിരുന്നു. 2010 ഏപ്രിൽ 4 നാണ് കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്. തൊടുപുഴ ന്യൂമാന്‍സ് കോളേജില്‍ നടത്തിയ ക്ലാസ് ചോദ്യപേപ്പറിൽ പ്രവാചകനെ നിന്ദിക്കുന്ന ചോദ്യമുണ്ടായിരുന്നുവെന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകര്‍ അധ്യാപകനായ പ്രഫ. ടി.ജെ. ജോസഫിന്റെ കൈ കോടാലികൊണ്ട് വെട്ടിമാറ്റുകയായിരുന്നു.
ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ. ജോസഫിനെ ഒമ്നി വാനിലത്തെിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്. പള്ളിയില്‍നിന്ന് കാറില്‍ സഞ്ചരിക്കുകയായിരുന്ന ജോസഫിനെയും കുടുംബത്തെയും വാനിലത്തെിയ സംഘം നിര്‍മല സ്കൂളിന് സമീപം തടഞ്ഞു. പ്രഫസറുടെ വാഹനത്തിന് മാര്‍ഗ തടസ്സം സൃഷ്ടിച്ച് നിര്‍ത്തിയ ഒമ്നി വാനില്‍നിന്ന് മഴു,വാക്കത്തി, കഠാര തുടങ്ങിയ ആയുധങ്ങളുമായി ഇറങ്ങിയ ആറംഗസംഘം കാര്‍ വളഞ്ഞ് ആക്രമിക്കുകയായിരുന്നു.
ദേശിയ അന്വേഷണ ഏജന്‍സിയാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 33 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. വധശ്രമം,അന്യായമായി സംഘംചേരല്‍, ഗൂഡാലോചന, സ്ഫോടകവസ്തു നിരോധന നിയമം തുടങ്ങിയ വകുപ്പുകളിലാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. പ്രതികളുടെ ശിക്ഷ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി പി ശശിധരന്‍ പ്രഖ്യാപിക്കും.