ലൈംഗിക പീഡനത്തില്‍ അറസ്റ്റിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിനെതിരെ കേസ് നല്‍കാന്‍ ഇരകള്‍ തയ്യാറായത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങ് എന്ന ആള്‍ദൈവത്തെ കുടുക്കിയത് ആരാണെന്ന് പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്.
2002ലാണ് സ്വാമിക്കെതിരായ കേസ് കോടതില്‍ എത്തുന്നത്. അന്ന് ഒരുപാട് ആളുകളുടെ ബലമുള്ള സ്വാമിക്കെതിരെ അന്വേഷണം നടത്താന്‍ പൊലീസിന് എളുപ്പമായിരുന്നില്ല. ഈ കാര്യം പഞ്ചാബ്- ഹരിയാന ഹൈക്കോടതിക്കും അറിയാമായിരുന്നു.
എന്നാല്‍ ആ വര്‍ഷം സപ്തംബറില്‍ കേസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു. അന്വേഷണത്തിന് ആദ്യം സിബിഐ തയ്യാറായിരുന്നില്ല. 2007 വരെ കേസില്‍ ഒരന്വേഷനവും ഉണ്ടായിട്ടില്ല. പിന്നീട് ഈ കേസ് അന്വേഷിക്കാന്‍ ശക്തനായ ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
അങ്ങനെയാണ് കേസ് നാരായണന്റെ കൈയിലെത്തിയത്. കാസര്‍ക്കോട് ഉപ്പള സ്വദേശിയാണ് നാരായണന്‍. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേസ് ഏറ്റെടുത്ത ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത് കടുത്ത വെല്ലുലിളിയാണ്. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധം, അയോധ്യയിലെ രാമക്ഷേത്ര വിവാദം, കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ തുടങ്ങിയ കേസുകള്‍ അന്വേഷിച്ച സിബിഐ സംഘത്തിലെല്ലാം അംഗമായിരുന്നു നാരായണന്‍.