മൂവാറ്റുപുഴ വാഴക്കുളത്ത് ഗില്ലിന്‍ ബാരെ സിന്‍ഡ്രോം ബാധിച്ച് 58കാരന്‍ മരിച്ചു. വാഴക്കുളം കാവന സ്വദേശി ജോയ് ഐപ്പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗില്ലിന്‍-ബാരെ സിന്‍ഡ്രോം ബാധിച്ച് കേരളത്തില്‍ സ്ഥിരീകരിക്കപ്പെട്ട ആദ്യ മരണമാണിത്, എന്നിരുന്നാലും, ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ നിരവധി ജിബിഎസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കേരളം അതീവ ജാഗ്രതയിലാണ്. ഫെബ്രുവരി ഒന്നിന് കാലുകള്‍ക്ക് തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോയിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ആരോഗ്യനില വഷളാകുകയും ജോയിയെ വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗില്ലിന്‍-ബാരെ സിന്‍ഡ്രോം സ്ഥിരീകരിച്ചു. ചികിത്സ തുടര്‍ന്നെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ല.
ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലിന്‍-ബാരെ സിന്‍ഡ്രോം. ദശലക്ഷത്തില്‍ ഒന്നോ രണ്ടോ പേരെ മാത്രം ബാധിക്കുന്ന അപൂര്‍വ രോഗമാണിത്. സമയബന്ധിതമായ രോഗനിര്‍ണയം, വിദഗ്ധ ചികിത്സ, ഫിസിയോതെറാപ്പി എന്നിവയിലൂടെ രോഗം ഭേദമാക്കാം.