സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലികളില്‍ ഇനി പുയൂണ്‍, അറ്റന്‍ഡര്‍ തസ്തികകള്‍ നിര്‍ത്തലാക്കിയേക്കും. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം സംബന്ധിച്ചു നിയോഗിക്കപ്പെട്ട ജസ്‌റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍ ശമ്പളപരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ ഉള്ളത്. സര്‍ക്കാര്‍ സേവനം പൂര്‍ണമായും ഓണ്‍ലൈനായ സാഹചര്യത്തില്‍ തസ്തികകളുടെ ആവശ്യമില്ലെന്നാണ് കമ്മീഷന്‍ ശുപാര്‍ശ.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം അനുസരിച്ച് ബാങ്കുകളില്‍ ഇപ്പോള്‍ ഈ തസ്തികകള്‍ ഇല്ലെന്നും ഈ മാതൃക സര്‍ക്കാരും പിന്തുടരണമെന്നാണ് നിര്‍ദ്ദേശം. തസ്‌തികകള്‍ നിര്‍ത്തുമ്പോള്‍ കമ്പ്യൂട്ടര്‍ പരിജ്‌ഞാനത്തിന്റെ അടിസ്‌ഥാനത്തില്‍ അവ പുനര്‍നിര്‍ണയിക്കുകയോ വേണ്ടന്നുവയ്‌ക്കുകയോ ചെയ്യാമെന്നും ശുപാര്‍ശയുണ്ട്. മംഗളം പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ശമ്പളവര്‍ധന സംബന്ധിച്ചു മുന്‍ കമ്മിഷന്റെ അതേ നിര്‍ദേശങ്ങളാണു റിപ്പോര്‍ട്ടിലുള്ളതെന്നു സൂചനയുണ്ട്. അതുപ്രകാരം അടിസ്‌ഥാനശമ്പളത്തില്‍ കുറഞ്ഞത് 1500 രൂപയുടെ വര്‍ധനയുണ്ടാകാം. (കൂടിയത് 5,000 വരെ). കുറഞ്ഞഅടിസ്‌ഥാന ശമ്പളം പതിനായിരവും കൂടിയത് ഏകദേശം 65,000 രൂപയുമാകും. കമ്മിഷന്‍ ശിപാര്‍ശകളുടെ അടിസ്‌ഥാനത്തില്‍ ഏകദേശം 2,500 കോടിയുടെ ബാധ്യത സംസ്‌ഥാനസര്‍ക്കാരിനുണ്ടാകും. സെക്രട്ടേറിയറ്റ് ഇതര സര്‍വീസുകള്‍ക്കു കഴിഞ്ഞ കമ്മിഷന്‍ വര്‍ധിപ്പിച്ച മൂന്നു സ്‌കെയിലുകള്‍ ഈ റിപ്പോര്‍ട്ടില്‍ നിര്‍ത്തലാക്കിയെന്നു സൂചനയുണ്ട്. പെന്‍ഷനില്‍ 12% വര്‍ധനതന്നെ നിലനിര്‍ത്തും.
2013 നവംബര്‍ 30-നാണ് ജസ്‌റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായും അഡ്വ ടിവി ജോര്‍ജ് അംഗമായും കെവി തോമസ് മെമ്പര്‍ സെക്രട്ടറിയായും പത്താം ശമ്പളപരിഷ്‌കരണ കമ്മിഷനെ നിയമിച്ചത്. ആറുമാസക്കാലാവധി രണ്ടുതവണ നീട്ടിനല്‍കിയിരുന്നു.