ഗുണ്ടാ നിയമം കര്‍ക്കശമാകുന്നു; കരുതല്‍ തടവ് ഒരു വര്‍ഷം!

Webdunia
വ്യാഴം, 29 മെയ് 2014 (09:04 IST)
ഗുണ്ടാ നിയമത്തില്‍ അറസ്റ്റിലാകുന്നവരെ തടവില്‍ പാര്‍പ്പിക്കുന്നതിനുള്ള കാലാവധി ആറ് മാസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കുന്നു. ഇതിനായുള്ള നിയമഭേദഗതിക്ക് ആഭ്യന്തര വകുപ്പ് രൂപം നല്‍കി മന്ത്രസഭയുടെ പരിഗണനക്ക് സമര്‍പ്പിച്ചു. ബ്ലേഡ് പലിശയടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഗുണ്ടാ നിയമം കൂടുതല്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 
 
ഗുണ്ടാനിയമപ്രകാരം അറസ്റ്റിലാകുന്ന വ്യക്തിയെ വിചാരണകൂടാതെ ഒരു വര്‍ഷം വരെ തടവില്‍ പാര്‍പ്പിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ദേദഗതി. സാമ്പത്തികകുറ്റകൃത്യങ്ങള്‍ ഗുണ്ടാനിയമത്തില്‍ കൂടുതല്‍ വ്യക്തമായി നിര്‍വചിക്കുന്ന ഭേദഗതിയും നിയമത്തില്‍ കൊണ്ടുവരുന്നു. അമിതപലിശ ഈടാക്കുന്നവര്‍ക്കെതിരെയും പീഡനത്തിലൂടെ പലിശ ഈടാക്കുന്നവരെയും ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യും. കൊള്ളപലിശ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും ഈടാക്കുന്നത് തടഞ്ഞുകൊണ്ടുള്ള വകുപ്പാണ് നിര്‍ദേശിക്കപ്പെട്ടതെങ്കിലും നിയമവകുപ്പ് ഇതിന് കൂടുതല്‍ വ്യക്തതനല്‍കി.
 
അമിതപലിശ ഈടാക്കല്‍ നിലവിലുള്ള നിയമപ്രകാരം തന്നെ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം കുറ്റങ്ങള്‍ക്ക് അതത് നിയമമാണ് ബാധകം. എന്നാല്‍ സാമ്പത്തിക കുറ്റങ്ങള്‍ ആവര്‍ത്തിച്ച് ചെയ്യുന്നവരെ ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യാമെന്ന് ഭേദഗതി നിര്‍ദേശിക്കുന്നു. സാമ്പത്തിക കുറ്റങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യും. ഇതിനോടകം ബ്ലേഡുകാരുടെയും മറ്റും വാഹനങ്ങള്‍ പിടിച്ചെടുത്തത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ ഭേദഗതി. 
 
മണല്‍, മദ്യം, മയക്കുമരുന്ന് മാഫിയകള്‍, അസാന്മാര്‍ഗിക കുറ്റങ്ങള്‍, പകര്‍പ്പവകാശം, സൈബര്‍ കുറ്റങ്ങള്‍ തുടങ്ങി നിലവിലുള്ള ഗുണ്ടാ നിയമത്തില്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ എല്ലാം തുടര്‍ന്നും നിലനില്‍ക്കും. ഓരോ കുറ്റകൃത്യവും ചെയ്യുന്നവരെ അതത് നിയമപ്രകാരമാണ് വിചാരണ ചെയ്യേണ്ടത്. എന്നാല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആവര്‍ത്തിച്ചുചെയ്യുന്നവരെ കരുതലിനായി വിചാരണകൂടാതെ തടവില്‍ പാര്‍പ്പിക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്നതാണ് ഗുണ്ടാനിയമം.