മൈക്രോവേവ് ഓവനില്‍ ഒളിച്ചുകടത്തിയ ഒരു കിലോ സ്വര്‍ണ്ണം പിടിച്ചു

Webdunia
തിങ്കള്‍, 30 ജൂണ്‍ 2014 (17:02 IST)
അടുത്തിടെ വരെ കോഴിക്കോട്, കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങള്‍ വഴി വന്‍ തോതില്‍ സ്വര്‍ണ്ണം കടത്തിയിരുന്നവര്‍ ഇപ്പോള്‍ തിരുവനന്തപുരം വിമാനത്താവളം ഉപയോഗിക്കാന്‍ തുടങ്ങി എന്നതിന്‍റെ തെളിവായി കഴിഞ്ഞ ദിവസം ഇവിടെ മൈക്രോവേവ് ഓവനില്‍ ഒളിച്ചുകടത്തിക്കൊണ്ടുവന്ന ഒരു കിലോ സ്വര്‍ണ്ണം പിടികൂടി.

കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് റിസ്വാന്‍ എന്ന 30 കാരനാണ്‌ കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു ഇയാള്‍ ഇവിടെ വന്നിറങ്ങിയത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്‌ ഇയാളുടെ ബാഗേജ് സൂക്ഷ്മമായി പരിശോധിച്ചത് എന്ന് കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ബംഗാര്‍ തലൈ പറഞ്ഞു. മൈക്രോവേവ് ഓവന്‍റെ ട്രാന്‍സ്ഫോര്‍മര്‍ അറയ്ക്കുള്ളില്‍ സ്വര്‍ണ്ണ ബിസ്കറ്റുകള്‍ രണ്ടായി മുറിച്ച് ഒളിപ്പിച്ച നിലയിലാണ്‌ പിടിച്ചെടുത്തത്. ഈ സ്വര്‍ണ്ണത്തിന്‌ വിപണിയില്‍ 35 ലക്ഷം രൂപ വിലമതിക്കുമെന്നാണ്‌ കണക്കാക്കുന്നത്.

രണ്ട് ദിവസം മുമ്പ്  വിമാനത്താവളത്തിന്‍റെ ബാത്ത് റൂമില്‍ നിന്ന് മൂന്നു കിലോ സ്വര്‍ണ്ണ ബിസ്കറ്റുകളുമായി ഒളിച്ചിരുന്ന ബംഗളൂരു സ്വദേശിയെ പിടികൂടിയിരുന്നു.