പൊതുമരാമത്തുമന്ത്രിയുടെ ഓഫീസില്‍ അഴിമതിയെന്ന് ഗണേഷ്‌കുമാര്‍

Webdunia
ചൊവ്വ, 9 ഡിസം‌ബര്‍ 2014 (11:11 IST)
പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഓഫിസിനെതിരെ അഴിമതിയാരോപണവുമായി മുന്‍മന്ത്രി ഗണേഷ്കുമാര്‍. മന്ത്രിയുടെ ഓഫീസില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് ഗണേഷ്കുമാര്‍ ആരോപിച്ചു. മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫംഗങ്ങളായ എ നസിമുദിന്‍, അബ്ദുല്‍ റാഷിദ്, അബ്ദുല്‍ റഹിം എന്നിവര്‍ക്കെതിരേയാണ് ഗണേഷ്കുമാര്‍ അഴിമതി ആരോപണമുന്നയിച്ചത്.

ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ഗണേഷ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രേഖാമൂലം പരാതി നല്‍കിയതായും വ്യക്തമാക്കി. താന്‍ ആരോപിച്ച കാര്യങ്ങളില്‍ നിയമസഭാ സമിതി അന്വേഷണം നടത്തണം. മന്ത്രിസഭയിലെ മറ്റൊരംഗവും അഴിമതിക്കാരനാണെന്ന് മുന്‍മന്ത്രി കൂടിയായ ഗണേഷ് വ്യക്തമാക്കി. താന്‍ ഓടിളക്കിയല്ല നിയമസഭയില്‍ വന്നതെന്നും ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്നും ഗണേഷ് സഭയില്‍ പറഞ്ഞു.

പൊതുമരാമത്ത് മന്ത്രികൂടാതെ മറ്റൊരു മന്ത്രിക്കെതിരേയും തെളിവുണ്ടെന്ന് ഗണേഷ്കുമാര്‍ വെളിപ്പെടുത്തി. ഇതോടെ സഭയില്‍ പ്രതിപക്ഷം ബഹളം തുടങ്ങി. അതേസമയം, മുന്‍കൂര്‍ നോട്ടീസില്ലാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. ഇതൊടെ പ്രതിപക്ഷം ഗണേഷിന് അനുകൂലമായി സഭയില്‍ നിലപാടെടുത്തു. ആരോപണങ്ങളുടെ സത്യാവസ്ഥ നിയമസഭാസമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ സഭയില്‍ ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നിഷേധിച്ചു. ഗണേഷിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും ഗണേഷ് സംസാരിച്ചത് പ്രേതം ആവാഹിച്ച പോലെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെറുതേ ചെളിവാരിയെറിയാനുള്ള ശ്രമമാണിതെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രസ്താവിച്ചു. ആരെങ്കിലും പറയിപ്പിച്ചതാണോ എന്നും അന്വേഷിക്കണമെന്നും മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

സര്‍ക്കാരിനെതിരെ ഭരണകക്ഷിയിലെ അംഗമായ എം‌എല്‍‌എ തന്നെ രംഗത്ത് വന്നതൊടെ ഫലത്തില്‍ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊതുമരാമത്ത് സെക്രട്ടറി ടി‌ഒ സൂരജിനെതിരെ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ മന്ത്രിസഭയിലെ അഴിമതികാരുടെ പേരുകള്‍ പുറത്ത് വിടുമെന്ന് ഗണേഷ് കുമാര്‍ ഭീഷണി മുഴക്കിയിരുന്നു. മന്ത്രിസഭയില്‍ സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ ഉണ്ടെന്നും നിയമസഭാ സമ്മേളനത്തില്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നുമാണ് ഗണേഷ്കുമാര്‍ അന്ന് പറഞ്ഞത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.