കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നാലു മണിക്കൂറോളം നീണ്ട പരിശോധനയില്‍ ഒറ്റയടിക്ക് വിവിധ കുറ്റങ്ങള്‍ ചെയ്ത 93 പേര്‍ പൊലീസ് വലയിലായി. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, അമിത വേഗത, മതിയായ രേഖകളില്ലാതെ വാഹനമോടിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി ഗതാഗത നിയമ ലംഘനത്തിനു 80 പേരാണു പിടിയിലായത്.
ഇതിനൊപ്പം പൊതുസ്ഥലത്ത് മദ്യപാനം, ലഹരി വസ്തുവില്‍പ്പന എന്നീ കേസുകളില്‍ 13 പേരെയും പിടിച്ചു. ക്രിമിനല്‍ കേസുകളിലും മറ്റും പ്രതിയായവര്‍ ഉണ്ടോ എന്ന് വിവിധ ലോഡ്ജുകളില്‍ പരിശോധന നടത്തിയെങ്കിലും അത്തരക്കാരെ കണ്ടെത്തിയില്ല.
കോട്ടയം എസ് പി യുടെ നിര്‍ദ്ദേശാനുസരണം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍, വെസ്റ്റ് പൊലീസ് സ്റ്റേഷന്‍, ഗാന്ധിനഗര്‍, ചിങ്ങവനം എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലായിരുന്നു മിന്നല്‍ വേഗത്തില്‍ നാലു മണിക്കൂര്‍ പരിശോധന നടത്താന്‍ പൊലീസ് തയ്യാറായത്. എന്തായാലും ഫലം കണ്ടു!. ഇത്തരം പരിശോധന മാസത്തില്‍ ഒരു തവണയെങ്കിലും നടത്തും എന്നാണ് റിപോര്‍ട്ട്.