പള്ളിമുറിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ വൈദികന്‍ ഫാദര്‍ റോബിന്‍ വടക്കുംചേരി രക്ഷിക്കാന്‍ നടന്നത് ഗൂഢാലോചന. കന്യാസ്ത്രീകള്‍ അടക്കമുള്ള സഭാ അധികൃതരാണ് ഈ നീക്കം നടത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചാലുണ്ടാകുന്ന വരുംവരായ്‌കള്‍ മനസിലാക്കിയ വൈദികനുമായ ബന്ധമുള്ളവര്‍ കുട്ടി 18 വയസ് പൂര്‍ത്തിയായതാണെന്ന് തെളിയിക്കാന്‍ നീക്കം നടത്തി. പതിനാറുകാരിയായ പെണ്‍കുട്ടിയെ
ഏറ്റെടുക്കുമ്പോള്‍ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി പ്രായം 18 ആണെന്ന് എഴുതി ചേര്‍ക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാമോദീസ രേഖയിലും എസ്എസ്എല്‍സി ബുക്കിലും വൈദികനുമായി ബന്ധമുള്ളവര്‍ പ്രായം തിരുത്തിയെഴുതി. ഈ രേഖകളില്‍ സിഡബ്ല്യൂസി ചെയര്‍മാന്‍ ഒപ്പു വെച്ചതായും കണ്ടെത്തി. സിഡബ്ല്യുസി അംഗമായ കന്യാസ്ത്രീ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ വെച്ചാണ് കുട്ടിയെ കൈമാറുന്നതിനുള്ള നടപടികള്‍ നടന്നതെന്നും കണ്ടെത്തി.
അതേസമയം, പ്രതിയായ വൈദികനെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റര്‍, ഡോക്ടര്‍, പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ എത്തിച്ച വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ മേധാവി, കൊട്ടിയൂര്‍ പള്ളിയിലെ സഹായിയായ സ്ത്രീ, രണ്ട് കന്യാസ്ത്രീകള്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകും.
പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇവര്‍ ഒളിവിലാണ്. അന്വേഷണം പുരോഗമിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികളെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.