ഫോര്‍ട്ട് കൊച്ചി അപകടത്തിനു കാരണം മത്സ്യബന്ധന വള്ളമോടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധ

ശനി, 29 ഓഗസ്റ്റ് 2015 (08:30 IST)
ഫോര്‍ട്ട് കൊച്ചിയില്‍ 10 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായത് മത്സ്യബന്ധന വള്ളമോടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധയും വള്ളത്തിന്‍റെ അമിത വേഗവുമെന്ന് പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. അപകടത്തില്‍പെട്ട ബോട്ടില്‍ നിന്ന് രക്ഷപെട്ടവരുടെ മൊഴികളാണ് നിര്‍ണായമാകുന്നത്. അപകടം കണ്ടുനിന്നവരുടെ മൊഴികളും പൊലീസ് റിപ്പോര്‍ട്ട് ശരിവയ്ജ്ക്കുന്നുണ്ട്. കൂടാതെ അപകടത്തിന്റെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഇന്‍ബോര്‍ഡ് എന്‍ജിനുള്ള വള്ളം യാത്രാ ബോട്ടിലേക്ക് പാഞ്ഞുവന്നിടിക്കുന്നതായാണ് ദൃശ്യത്തിലുള്ളത്. യാത്രാബോട്ട് വരുന്നത് കണ്ട് വേഗം കുറച്ച മറ്റൊരു മത്സ്യബന്ധന വള്ളത്തെ മറികടന്നാണ് അപകടമുണ്ടാക്കിയ മത്സ്യബന്ധന വള്ളം കുതിച്ചെത്തിയതെന്ന് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്. റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. ദൃക്‌സാക്ഷികളുടെയും രക്ഷപ്പെട്ട യാത്രക്കാരുടെയും മൊഴികള്‍ ശരിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത് കേസിനെ ബലപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.

ഇടിയുടെ ആഘാതത്തില്‍ ബോട്ടില്‍ നിന്ന് യാത്രക്കാര്‍ വെള്ളത്തിലേക്ക് തെറിച്ചുവീഴുന്നതും ബോട്ട് വട്ടം കറങ്ങി മുങ്ങിത്താഴുന്നതും വ്യക്തം. കപ്പല്‍ചാലുള്ള ഇവിടെ യാത്രാബോട്ടുകളും മറ്റുയാനങ്ങളും സ്ഥിരമായി കടന്നുപോകുന്ന സ്ഥലമാണ്. ഇത്രയും തിരക്കേറിയ ഭാഗത്തു കൂടി അമിത വേഗത്തിലാണ് മത്സ്യബന്ധനവള്ളം പാഞ്ഞെത്തിയത്. വള്ളം നിയന്ത്രിച്ചിരുന്ന മെക്കാനിക്ക് ഷിജു തികഞ്ഞ അശ്രദ്ധയോടെയാണ് വള്ളമോടിച്ചിരുന്നതെന്ന കണ്ടെത്തലടങ്ങിയ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. ഷിജുവിനെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക