പ്രളയം; കോഴിക്കോട് എലിപ്പനി ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു, മരണം 12 ആയി

Webdunia
ശനി, 1 സെപ്‌റ്റംബര്‍ 2018 (09:42 IST)
കോഴിക്കോട് എലിപ്പനി ബാധിച്ചു രണ്ട് പേർ കൂടി മരിച്ചു. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു ഇവർ. ഇതോടെ ജില്ലയില്‍ ഓഗസ്റ്റിൽ മാത്രം എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 12 ആയി
 
പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ എലിപ്പനിക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലുലക്ഷത്തില്‍ അധികം പ്രതിരോധമരുന്നുകളാണ് ഇന്നലെ കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്തത്.  
 
ഈ ദിവസങ്ങളിലായി 64 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഏതെങ്കിലും തരത്തിലുള്ള പനി ലക്ഷണം കണ്ടാല്‍ സ്വയം ചികിത്സയ്‌ക്ക് മുതിരാതെ ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
 
പ്രളയത്തില്‍ അകപ്പെട്ടവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നവരും പ്രതിരോധമരുന്നുകള്‍ കഴിക്കണം. ശരീരത്തില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
 
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ആരോഗ്യവകുപ്പ് എലിപ്പനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article