'ക്യാമ്പീന്ന് തിരിച്ചെത്തീട്ട് റിലീഫ് ഫണ്ട് തരാട്ടോ, എടുത്ത് വച്ചിട്ടുണ്ട് ഞാൻ‘- പരദൂഷണ കമ്മിറ്റിക്കാർ നൽകിയത് 7 കോടി!

ശനി, 1 സെപ്‌റ്റംബര്‍ 2018 (09:23 IST)
പെണ്ണുങ്ങളുടെ പരദൂഷണ കൂട്ടമാണ് കുടുംബശ്രീയെന്ന ആക്ഷേപം പൊതുവെയുള്ളതാണ്. നാട്ടിലുള്ളവരുടെയെല്ലാം പരദൂഷണം പറയാനാണ് കുടുംബശ്രീയിലേക്ക് പോകുന്നതെന്നും പറയാത്തവർ ചുരുക്ക. എന്നാൽ, ഇത്തരത്തിൽ തങ്ങളെ ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു പ്രളയബാധിതര്‍ക്കായി പെണ്ണുങ്ങള്‍ കൊടുത്ത സംഭാവന.
 
എഴുകോടി രൂപയാണ് ഇവര്‍ പ്രളയബാധിതര്‍ക്കായി പിരിച്ച് നൽകിയത്. ക്യാംപില്‍ നിന്ന് തിരിച്ചെത്തിയിട്ട് ഫണ്ട് തരാട്ടോ ഞാന്‍ എടുത്ത് വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് വെള്ളം കയറിയ വീട്ടില്‍ നിന്ന് വള്ളത്തിലേക്ക് തത്രപ്പെട്ട് കയറിയ വീട്ടമ്മ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
 
തൃശ്ശൂരിലെ കുടുംബശ്രീ അയല്‍ക്കൂട്ട അംഗം അവിടത്തെ സിഡിഎസ് അംഗത്തോട് പറഞ്ഞ ഈ വാചകങ്ങളാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ഹിറ്റായിരിക്കുന്നത്. പോസ്റ്റ് വായിക്കാം:
 
"ക്യാമ്പീന്ന് തിരിച്ചെത്തീട്ട് റിലീഫ് ഫണ്ട് തരാട്ടോ,എട്ത്ത് വച്ചിട്ടുണ്ട് ഞാൻ"
 
വെള്ളം നിറഞ്ഞ വീട്ടിൽ നിന്നും വള്ളത്തിലേക്കു പിടിച്ചു കയറി ദുരിതാശ്വാസക്യാമ്പിലേക്കു പോകുന്നതിനു മുൻപേ തൃശ്ശൂർ ജില്ലയിലെ കുടുംബശ്രീ അയൽക്കൂട്ടാംഗം അവിടെ നിന്നിരുന്ന സിഡിഎസ്സ് അംഗത്തോട് വിളിച്ചു പറഞ്ഞ വാചകങ്ങളാണ്.. ഞാനും ദുരിതത്തിനു ഇരയായി എന്നല്ല അവരോർക്കുന്നത്, തന്നേക്കാൾ ദുരിതം വന്നവർക്ക് ആവുംവിധം സഹായം എന്ന വലിയ മനസ്സ്.. എത്രയെത്ര ആളുകളുണ്ടാകും ഇതുപോലെയല്ലേ?
 
അതെ, ഇതുപോലെ അയൽക്കൂട്ടത്തിലുള്ള ആയിരക്കണക്കിന് അമ്മമാരും ചേച്ചിമാരുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്നതുപോലെ ഒരാഴ്ചത്തെ തങ്ങളുടെ ചെറിയ സമ്പാദ്യം മാറ്റി വച്ചു ഏഴുകോടി രൂപ പിരിച്ചു നൽകിയത്.. ആ വലിയ അക്കങ്ങൾക്കുമൊക്കെയപ്പുറമുള്ള നന്മയുടെ തുകയാണത്..ചെറിയ ചെറിയ അദ്ധ്വാനങ്ങളുടെ തുക..
 
വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടവർ ശേഖരിച്ചു നൽകിയ കോടികളുടെ തുക കണ്ടു ഞെട്ടണ്ട, പല രീതിയിൽ നിങ്ങൾ കളിയാക്കുന്ന,നിങ്ങളുടെ ഭാഷയിൽ 'നാട്ടു വർത്താനം പറയാൻ മീറ്റിംഗ് കൂടുന്ന' അതേ ആളുകളുടെ സമ്പാദ്യം തന്നെയാണിത്.പക്ഷേ ആ നാട്ടുവർത്താനത്തിൽ എല്ലാമുൾപ്പെടുമെന്നു മാത്രം.എല്ലാം.. അതിലേറ്റവും മുൻപന്തിയിൽ അനുകമ്പ എന്ന ഒന്നാണെന്ന് ഇനി സോ കോൾഡ് കളിയാക്കലുകൾ പറയുന്നതിന് മുൻപേ വിസ്മരിക്കരുത്.. ..
 
സന്തോഷമാണ് , അഭിമാനമാണ് അതിനേക്കാളേറെ നിറഞ്ഞ അഹങ്കാരമാണ് അവരുടെ കൂടെ പ്രവർത്തിക്കുന്നതിൽ..

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍