പഴകിയ മത്സ്യമാണോ ലഭിച്ചത്, ഫിഷറീസില്‍ വിളിച്ച് പരാതിപ്പെടാം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (13:39 IST)
പഴകിയതും ശുചിയില്ലാത്തതുമായ മത്സ്യം വില്‍ക്കുന്നതും വില്‍പ്പനയ്‌ക്കെത്തിക്കുന്ന മത്സ്യത്തില്‍ മായം കലര്‍ത്തുന്നതുമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫിഷറീസ് വകുപ്പിനെ അറിയിക്കാം. ഉടന്‍ നടപടിയുണ്ടാകും. ഫിഷറീസ് വകുപ്പ് ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍ നിന്നാണ് പരാതി പരിഹാരം ലഭിക്കുക. മത്സ്യക്കൃഷിയെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ സ്‌കീമുകളെക്കുറിച്ചുമെല്ലാം ഇവിടെനിന്നു വിവരങ്ങള്‍ അറിയാം. 0471 2525200, 1800 425 3183 (ടോള്‍ ഫ്രീ) എന്ന കോള്‍സെന്റര്‍ നമ്പര്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.
 
ഫിഷറീസ് വകുപ്പിന്റെയും ബന്ധപ്പെട്ട ഏജന്‍സികളുടെയും സേവനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സംശയങ്ങളും ഒറ്റയിടത്തുനിന്നു ലഭിക്കുമെന്നതും പരാതികള്‍ ഒറ്റ കോളില്‍ അറിയിക്കാമെന്നതുമാണ് കോള്‍ സെന്ററിന്റെ പ്രധാന പ്രത്യേകത. പരാതികള്‍ക്കു പുറമേ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗത്വ രജിസ്‌ട്രേഷന്‍, മത്സ്യത്തൊഴിലാളി പെന്‍ഷന്‍ രജിസ്ട്രേഷന്‍, ബോര്‍ഡ് മുഖേന അനുവദിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് കോള്‍ സെന്ററില്‍ കൂടുതലും എത്തുന്നത്. അക്വാകള്‍ച്ചര്‍ കൃഷി, ഇതുമായി ബന്ധപ്പെട്ട സ്‌കീമുകള്‍, പി.എം.എം.എസ്.വൈ സ്‌കീമിന്റെ സബ്‌സിഡി വിവരങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും നിരവധി കോളുകള്‍ എത്തുന്നുണ്ട്.
 
2021 ജൂലൈയിലാണ് ഫിഷറീസ് കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പൊതു അവധി ദിനങ്ങള്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ കോള്‍ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താം. വിശദമായ വിവരങ്ങള്‍ മറുപടിയായി നല്‍കേണ്ട അവസരങ്ങളില്‍ അവ ഇ-മെയില്‍ വഴി നല്‍കുന്നതിനും ഇവിടെ സൗകര്യമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article