മുട്ടി വിളിച്ചിട്ടും അവര്‍ അറിഞ്ഞില്ല, ഒടുവില്‍ ഞങ്ങള്‍ എസി ഇളക്കി മാറ്റി അതുവഴി പുറത്തെത്തി; ഷാർജയിലുണ്ടായ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരം

വെള്ളി, 6 ജനുവരി 2017 (19:35 IST)
അബുദാബിയിലെ ഫുജൈറയിലുണ്ടായ തീപിടിത്തത്തില്‍ മലപ്പുറം ജില്ലക്കാരായ മൂന്നു പേര്‍ മരിച്ചു. മലപ്പുറം കുറുകത്താണി സ്വദേശി ഹുസൈന്‍, വളാഞ്ചേരി സ്വദേശി മണി എന്ന നിസാമുദ്ദീന്‍, തലക്കടത്തൂര്‍ സ്വദേശി ഷിഹാബ് എന്നിവരാണ് മരിച്ചത്.

ഫുജൈറയില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള കല്‍ബ വ്യവസായ മേഖലയില്‍ മലപ്പുറം എടംകുളം സ്വദേശി മജീദ്  നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണിലാണ് വെള്ളിയാഴ്ച രാവിലെ 8.15ന് തീപിടുത്തമുണ്ടായത്.

ഗോഡൗണിനുള്ളില്‍ താമസിച്ചിരുന്നവരാണ് അപകടത്തില്‍ പെട്ടത്. അഞ്ചു മുറികളിലായി താമസിച്ചിരുന്ന 11 ജീവനക്കാരില്‍ മൂന്നു പേരാണ് മരിച്ചത്.ബാക്കിയുള്ളവര്‍ മുറിയിലെ എസി ഇളക്കി മാറ്റി അതുവഴി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ മരിച്ച മൂന്ന് പേര്‍ വേറെ മുറിയിലായിരുന്നു. ഇവരെ വിളിച്ചെങ്കിലും മുറിയില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.

അവധി ദിവസമായതിനാല്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. മേല്‍ക്കൂര ശക്തമായി ഇളകുകയും ചൂട് അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ഞെട്ടിയുണര്‍ന്നപ്പോഴാണ് തീയും പുകയും കണ്ടതെന്ന് രക്ഷപ്പെട്ട തിരുനാവായ സ്വദേശിയും സെയില്‍സ്മാനുമായ നൂറുദ്ദീന്‍ പറഞ്ഞു. ഇതോടെ ഉടന്‍ വാതിലടച്ച് എസി ഇളക്കി മാറ്റി അതുവഴിയാണ് പുറത്തേക്ക് ചാടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക