ഇനി ആരും തീയേറ്ററിൽ പോയി സിനിമ കാണേണ്ട; വിതരണക്കാർ കടുത്ത നിലപാടിൽ, സിനിമകൾ പിൻവലിക്കുന്നു

Webdunia
ബുധന്‍, 21 ഡിസം‌ബര്‍ 2016 (12:51 IST)
തിയറ്റർ ഉടമകളും ചലച്ചിത്ര നിർമ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ സിനിമകൾ ഒന്നും ഇത്തവണത്തെ ക്രിസ്തുമസിന് റിലീസ് ചെയ്യില്ലെന്ന് ഇന്നലെ നടന്ന ചർച്ചയിൽ തീരുമാനയിരുന്നു. ഇതിനു പിന്നാലെ, മലയാള സിനിമയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്ന നടപടിയിലേക്കാണ് വിതരണക്കാർ നീങ്ങിയിരിക്കുന്നത്. തീയേറ്ററുകളിൽ ഇപ്പോൾ പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്ന സിനിമകൾ പിൻവലിക്കാൻ തീരുമാനമായി. മൾട്ടിപ്ലക്സിലും സർക്കാർ തീയേറ്ററുകളിലും മാത്രമേ സിനിമകൾ ഓടുകയുള്ളു. 
 
തർക്കം പരിഹരിക്കാൻ മന്ത്രി എ കെ ബാലൻ ഇടപെട്ടു വടക്കഞ്ചേരിയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് വിതരണക്കാർ കടുത്ത നടപടിയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്ന സിനിമകൾ തീയേറ്ററിൽ നിന്നും പിൻ‌വലിക്കാൻ തീരുമാനമായി. വിതരണക്കാരുടെ സംഘടനയുടേതാണ് തീരുമാനം. നാദിർഷാ സംവിധാനം ചെയത് കട്ടപ്പനയിലെ ഋത്വിക് റോഷൻ, വൈശാഖിന്റെ പുലിമുരുകൻ തുടങ്ങിയ സിനിമകളാണ് ഇപ്പോൾ തീയേറ്ററിൽ പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്നത്. 
 
മലയാളത്തിലെ ആദ്യ നൂറ് കോടി ക്ലബ്ബിൽ കയറിയ പുലിമുരുകനെ ഈ തീരുമാനം ബാധിക്കുമെന്ന് ഉറപ്പാണ്. 150 കോടി എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന പുലിമുരുകൻ ഇനി ആ നേട്ടം കൈവരിക്കാൻ കഴിയുമോ എന്നാണ് ആരാധകർ സംശയിക്കുന്നത്. നരേന്ദ്ര മോദിയുടെ നോട്ട് നിരോധന പ്രഖ്യാപനം ജനങ്ങളെ പ്രതിസന്ധിയിൽ ആഴ്ത്തിയപ്പോൾ ആണ് നാദിർഷായുടെ 'കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്ന കൊച്ചു സിനിമ റിലീസ് ചെയ്തത്. പ്രതിസന്ധികൾക്കിടയിലും മികച്ച വിജയത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന ഈ സിനിമയുടേയും അവസ്ഥ ഇനിയെന്താകും എന്നും സംശയമാണ്. പുലിമുരുകൻ സിനി പോളീസിന് നൽകില്ല എന്നും ചർച്ചയിൽ തീരുമാനമായി.
 
മന്ത്രിയും സിനിമാ നിർമ്മാതാക്കളും വിതരണക്കാരും മുന്നോട്ടുവച്ച നിർദേശങ്ങൾ തിയറ്റർ ഉടമകളുടെ സംഘടനയായ കേരള എക്സിബിറ്റേഴ്സ് ഫെഡറേഷൻ തള്ളിയതോടെയായിരുന്നു ഇന്നലെ ചർച്ച പൊളിഞ്ഞത്. നിലവിൽ സിനിമയിൽ നിന്നുള്ള വരുമാനം നിർമ്മാതാക്കൾക്കും വിതരണക്കാർക്കും 60 ശതമാനവും തിയറ്റർ ഉടമകൾക്കു 40 ശതമാനവുമാണ്. ഇത് 50–50 ആക്കണമെന്നാണ് എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ആവശ്യം. 
Next Article