സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിയമാവലികളില്‍ മാറ്റം,ഹാസ്യ നടന് ഇനി അവാര്‍ഡില്ല

ബുധന്‍, 13 മെയ് 2015 (19:08 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തുകയും അവാര്‍ഡുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അവാർഡ് നിയമാവലിയിലും ഭേദഗതി വരുത്തി. തീരുമാനപ്രകാരം മികച്ച ചിത്രത്തിന്റെ സംവിധായകനും മികച്ച സംവിധായകനുമുള്ള അവാർഡ് തുക രണ്ട് ലക്ഷമായി ഉയരും. മികച്ച നടനും നടിക്കുമുള്ള അവാര്‍ഡ് തുക ഒരുലക്ഷമാകും. കൂടാതെ മികച്ച ഹാസ്യനടൻ, കുട്ടികളുടെ ചിത്രത്തിന്റെ മികച്ച സംവിധായകൻ എന്നീ പുരസ്‌കാരങ്ങൾക്കൊപ്പം ഷോർട്ട് ഫിക്ഷൻ, ഡോക്യുമെന്ററി ഫിലിം വിഭാഗങ്ങളെയും ഒഴിവാക്കും എന്നാണ് വിവരം.

അതേസമയം മികച്ച രണ്ടാമത്തെ നടനും രണ്ടാമത്തെ നടിയും എന്നത് ഇനിമുതൽ സ്വഭാവനടനും സ്വഭാവ നടിയുമായിരിക്കും. മികച്ച ബാലതാരത്തിന് ആൺ, പെൺ വിഭാഗത്തിൽ പ്രത്യേകം അവാർഡുകൾ ഏർപ്പെടുത്തും. ഏതെങ്കിലും മൂലകഥയെ അധികരിച്ച് സ്വതന്ത്രാവിഷ്‌കാരം നിർവ്വഹിക്കുന്ന സിനിമയ്ക്കുള്ള തിരക്കഥയ്ക്കും മികച്ച ലൈവ് സൗണ്ട്, മികച്ച ശബ്ദ ഡിസൈൻ എന്നിവയ്ക്കും പുതുതായി അവാർഡ് ഏർപ്പെടുത്തും. ഇവയ്‌ക്കെല്ലാം 50,000രൂപ വീതമാണ് തുക.

കൂടാതെ അവാര്‍ഡ് നിയമാവലിയിലും ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഇത് പ്രകാരം ഇനിമുതൽ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള അപേക്ഷയ്‌ക്കൊപ്പം വിധിനിർണ്ണയ സമിതിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യില്ലെന്ന് സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം 100 രൂപ മുദ്രപത്രത്തിൽ നിശ്ചിത ഫോറത്തിൽ നൽകണം.  കൂടാതെ നിർമ്മാതാവ് അപേക്ഷയോടൊപ്പം സംസ്ഥാന ചലച്ചിത്ര അക്കാഡമി സെക്രട്ടറിയുടെ പേരിൽ എടുത്ത 5000 രൂപയുടെ ക്രോസ്ഡ് ഡിമാൻഡ് ഡ്രാ്ര്രഫ് അപേക്ഷാഫീസായി ഹാജരാക്കണം. അവാർഡുകൾ നല്കുന്നത് അപേക്ഷാഫോറത്തിൽ സൂചിപ്പിച്ചിട്ടുള്ള ആളുകൾക്കായിരിക്കും. അപേക്ഷാഫോറത്തിൽ തെറ്റ് പറ്റിയാൽ അവാർഡ് പ്രഖ്യാപനത്തിന് മുമ്പ് 100 രൂപ മുദ്രപത്രത്തിൽ അക്കാഡമി സെക്രട്ടറിയെ രേഖാമൂലം അറിയിക്കണം. പ്രഖ്യാപനത്തിന് ശേഷം മാറ്റങ്ങൾ അനുവദിക്കില്ല.

ചലച്ചിത്രങ്ങൾ ഡിജിറ്റൽ ഫോർമാറ്റിൽ ഓപ്പൺ ഡി.സി.പി.യിലോ ഹാർഡ് ഡിസ്‌കിലോ സമർപ്പിക്കണം. ഇത് അവാർഡ് സ്‌ക്രീനിങ്ങിനുവേണ്ടി എത്ര തവണയും പ്രദർശിപ്പിക്കാൻ കഴിയുന്ന രീതിയിലായിരിക്കണം. സാങ്കേതിക കാരണങ്ങളാലോ കെ.ഡി.എം. ലോക്ക് മൂലമോ പ്രദർശിപ്പിക്കാനാകാതെ വന്നാൽ ചിത്രം പരിഗണിക്കപ്പെടാതെ പോകുന്നതിന്റെ ഉത്തരവാദിത്വം നിർമാതാവിനായിരിക്കും.

ജഡ്ജിങ് കമ്മിറ്റിയിൽ ചെയർമാൻ ഉൾപ്പെടെ പത്ത് അംഗങ്ങൾ ഉണ്ടാവും. അംഗങ്ങളിൽ 80 ശതമാനം പേർ മലയാളം അറിയാവുന്നവരാകണം. മൂന്ന് പേരെങ്കിലും ചലച്ചിത്രസംവിധായകരും 3 പേർ ടെക്‌നീഷ്യൻസും ആയിരിക്കണം. സമിതിയിൽ മെമ്പർസെക്രട്ടറിയായ ചലച്ചിത്ര അക്കാഡമി സെക്രട്ടറിക്ക് വോട്ടവകാശമുണ്ടാവില്ല. ചിത്രങ്ങളുടെ എണ്ണം 40 കഴിഞ്ഞാൽ ജൂറി ചെയർമാന് രണ്ടോ മൂന്നോ സബ്കമ്മിറ്റികൾ രൂപീകരിച്ച് പ്രാഥമിക തിരഞ്ഞെടുപ്പ് നടത്താം. ഓരോ സബ് കമ്മിറ്റിയിലും ഒരു സംവിധായകനും ഒരു ടെക്‌നീഷ്യനും നിർബന്ധമായുമുണ്ടാവണം. അന്തിമ വിധിനിർണയത്തിന് ഈ സബ്കമ്മിറ്റികൾക്കെല്ലാമായി നിർദ്ദേശിക്കാവുന്ന ചിത്രങ്ങളുടെ എണ്ണം പരമാവധി 21 ആണ്.

ജൂറി ചെയർമാനോ അഞ്ച് പേരിൽ കുറയാത്ത അംഗങ്ങൾക്കോ സബ് കമ്മിറ്റികൾ ഒഴിവാക്കിയ ചിത്രത്തെ അന്തിമവിധിനിർണയത്തിന് തിരിച്ചു വിളിക്കാം. 21 ചിത്രങ്ങൾക്കു പുറമേയായിരിക്കും ഇവ. അന്തിമവിധിനിർണയത്തിന് തിരഞ്ഞെടുക്കപ്പെട്ട സിനിമകളെല്ലാം വീണ്ടും സമിതി കാണണം. അന്തിമ വിധിനിർണയ പ്രിവ്യൂവിനുള്ള ക്വാറം അക്കാദമി സെക്രട്ടറി ഉൾപ്പെടെ എട്ട് ആയിരിക്കും. വിധിനിർണയസമിതിയുടെ അവസാന മീറ്റിങ്ങിനുള്ള ക്വാറവും ഇതുതന്നെ.

അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചുള്ള വിജ്ഞാപനം രണ്ട് മലയാള പത്രങ്ങളിലും ഒരു ഇംഗ്ലീഷ് പത്രത്തിലും പരസ്യത്തിലൂടെയും അക്കാഡമി വെബ്‌സൈറ്റിലൂടെയും പത്രക്കുറിപ്പിലൂടെയും പ്രസിദ്ധപ്പെടുത്തും. ജൂറിമാരുടെ മുന്നിൽ നിരവധി തവണ പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി സഹിതം ഡിജിറ്റൽ ഫോർമാറ്റിൽ ഓപ്പൺ ഡി.സി.പിയിലോ ഓപ്പൺ ഹാർഡ് ഡിസ്‌കിലോ സിനിമയുടെ ഒരു കോപ്പി അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം.

വെബ്ദുനിയ വായിക്കുക