കണ്ടില്ലെന്ന് നടിയ്ക്കാൻ കഴിയുമോ? കഴിഞ്ഞ ഒമ്പത് മാസം ഫാ. ടോമിന് വേണ്ടി കേന്ദ്ര സർക്കാർ ചെയ്തതെന്ത്?

Webdunia
ബുധന്‍, 28 ഡിസം‌ബര്‍ 2016 (14:30 IST)
ഒരു ഫാദർ തന്റെ ജീവനു വേണ്ടി ജനങ്ങളോട് യാചിക്കുന്ന അവസ്ഥ സിനിമകളിൽ ഒക്കെയേ നാം കണ്ടിട്ടുള്ളു. എന്നാൽ, അത്തരത്തിൽ ഒരു കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യൻ ജനത കാണു‌ന്നത്. ഫാ. ടോം ഉഴുന്നാലിന്റെ വിഡിയോ രണ്ട് ദിവസം മുമ്പാണ് പുറത്ത് വന്നത്. ജീവനുവേണ്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയോടും ബിഷപ്പുമാരോടും ക്രിസ്ത്യൻ സമൂഹത്തോടും അപേക്ഷിക്കുന്ന ഫാദറിനെയാണ് വീഡിയോയിൽ കാണുന്നത്.
 
മനുഷ്യ മനസാക്ഷിയെ ഏറെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്. അവശനിലയില്‍ കഴിയുന്ന ഫാ. ടോമിന്റെ വാക്കുകള്‍ ഓരോരുത്തരേയും മുറിപ്പെടുത്തി കൊണ്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. "ഞാൻ വളരെയധികം ദു:ഖിതനും നിരാശനുമാണ്. എന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഉടൻ തന്നെ എന്നെ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വരും. എന്റെ സഹായത്തിനായി വേഗം വരിക. എനിക്ക് വേണ്ടി ആരും കാര്യമായി ഒന്നും ചെയ്തില്ല''. ഒരു വൈദികന്‍ എന്നതിലുപരി ഒരു നിസ്സഹായനായ മനുഷ്യന്റെ കേഴുന്ന ഈ വാക്കുകള്‍ക്കു മുന്‍പില്‍ നമുക്ക് നിശ്ബ്ദത പാലിക്കാന്‍ കഴിയുമോ?
 
ചെയ്യേണ്ടവർ ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വരുമ്പോഴും അതിൽ എത്രത്തോളം വസ്തുതയുണ്ടെന്നത് അഞ്ജാതം. അദ്ദേഹത്തെ രക്ഷപെടുത്താൻ ശ്രമങ്ങൾ ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ മാർച്ച് മുതൽ ഗവൺമെന്റ് പറയുന്ന കാര്യമാണ്. എന്നാൽ ഇതെല്ലാം വെറും 'പ്രസ്താവനകൾ' മാത്രമാണോ?. സഭാധികാരികള്‍ അദ്ദേഹത്തെ മോചിപ്പിക്കുവാന്‍ ഗവണ്‍മെന്റിന്റെ മേല്‍ എത്ര മാത്രം സമ്മര്‍ദ്ധം ചെലുത്തി എന്നതിനും കൃത്യമായ ഉത്തരമില്ല.
 
ഒരു ഫാദറിന് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരനായ ഒരു മനുഷ്യന്റെ അവസ്ഥയെന്താകും?. ഫാദർ ടോമിനെ കാണാതായി ഒൻപത് മാസമാകുമ്പോൾ വിശ്വാസികളുടേയും അവിശ്വാസികളുടേയും മനസ്സിൽ ഉരുത്തിരിയുന്ന ചോദ്യമാണിത്. ഉത്തരം തീര്‍ത്തും നിരാശാജനകമായിരിക്കും. തീര്‍ച്ച. വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നയാൾ ആരാണെന്ന് അറിയാനുള്ള ശ്രമത്തിലാണ് വിദഗ്ധർ. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇത്രയധികം പുരോഗമിച്ച ഈ കാലത്ത് ഈ അക്കൗണ്ട് എവിടെ നിന്ന്‍ ആരാണ് നിയന്ത്രിക്കുന്നതെന്ന് കണ്ടെത്തുവാന്‍ ഒട്ടും പ്രയാസമുള്ള കാര്യമല്ല. എന്നിട്ടും എന്ത്കൊണ്ട് ഇന്ത്യന്‍ ഭരണകൂടം അതിനു ശ്രമിച്ചില്ല? 
 
നേരത്തെ ഒരു ചിത്രം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരിന്നു. ഈ ചിത്രത്തില്‍ അദ്ദേഹം വളരെ ക്ഷീണിതനായി കാണപ്പെടുന്നു. തന്നെ മോചിപ്പിക്കുവാനായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള രീതിയിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇത് കൂടാതെ ഫാദര്‍ ടോമിനെ കണ്ണുകള്‍ കെട്ടി ആരോ മര്‍ദ്ദിക്കുന്നതായുള്ള വീഡിയോയും പുറത്തു വന്നു. പുറത്തു വന്നിരിക്കുന്ന വീഡിയോയും ഫോട്ടോയും ഫാദര്‍ ടോമിന്‍റേത് തന്നെയാണെന്നു അദ്ദേഹത്തിന്റേ സഹോദരനും ബന്ധുക്കളും പിന്നീട് സ്ഥിരീകരിച്ചു. എന്നിട്ടും അദ്ദേഹത്തെ മോചിപ്പിക്കുവാൻ സർക്കാരിനു കഴിഞ്ഞില്ല.
 
ക്ഷീണിതനായ ഫാദർ ടോമിനെ വേദനയോടല്ലാതെ ഒരു വിശ്വാസിക്കും കണ്ടിരിക്കാൻ ആകില്ല. കേവലം വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്ത ഒരു നിരാലംബനായ മനുഷ്യന്റെ ഹൃദയവേദനയെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഒരു നിസ്സഹായനായ മനുഷ്യന്‍റെ നിലവിളി കണ്ട് മൗനം പാലിക്കാൻ ഭരണകൂടത്തിനാകില്ല. ഫാദറിനെ വിട്ടുകിട്ടാൻ ഉള്ള എല്ലാ മാർഗങ്ങളും പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരിക്കുകയാണ്. ഇനിയും എത്രനാൾ മോചനത്തിനായി അദ്ദേഹം കാത്തിരിക്കണമെന്ന് വ്യക്തമല്ല.
Next Article