നാളെ വിവാഹം കഴിക്കേണ്ടിയിരുന്ന മകളെ പിതാവ് കുത്തിക്കൊന്നു; സംഭവം മലപ്പുറത്ത്
പ്രണയ വിവാഹത്തിനൊരുങ്ങിയ മകളെ അച്ഛന് കുത്തിക്കൊന്നു. മലപ്പുറം പത്തനാപുരം സ്വദേശിനി ആതിരയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവ് പൂവത്തിക്കണ്ടി ചാലത്തിങ്ങൽ രാജനെ പൊലീസ് കസ്റ്റ്ഡിയിലെടുത്തു.
ആതിര ഒരു യുവാവുമായി പ്രണയബന്ധത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ഇരുവരും വെള്ളിയാഴ്ച വിവാഹിതരാവാൻ തീരുമാനിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു.
വിവാഹം സംബന്ധിച്ച് രാജനും ആതിരയും തമ്മില്‍ ഇന്ന് തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഇയാള്‍ മകളെ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. അറസ്റ്റിലായ രാജനെ പൊലീസ് സംഘം ചോദ്യം ചെയ്തുവരുകയാണ്.