കള്ളക്കടല്‍ ജാഗ്രത: തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്

രേണുക വേണു
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (14:44 IST)
കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.0 മീറ്റര്‍ മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. 
 
തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. തമിഴ്നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, തിരുനെല്‍വേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കര്‍ണാടക തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.
 
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
 
INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

അനുബന്ധ വാര്‍ത്തകള്‍

Next Article