ഫഹദ്- നസ്രിയ വിവാഹം ഇന്ന്

Webdunia
വ്യാഴം, 21 ഓഗസ്റ്റ് 2014 (08:58 IST)
മലയാളസിനിമയുടെ ന്യൂജനറേഷന്‍ താരങ്ങളായ ഫഹദ്‌ ഫാസിലും നസ്രിയയും ഇന്നു വിവാഹിതരാകും. കഴക്കൂട്ടം അല്‍സാജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ന് 12 മണിക്കാണ്‌ നിക്കാഹ്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക്‌ മാത്രമാണ്‌ പ്രവേശനം. കഴക്കൂട്ടം അല്‍സാജ് ഹോട്ടലില്‍ നടക്കും. താരനിരയടക്കം നാലായിരത്തോളം പേര്‍ പങ്കെടുക്കും. 
 
അല്‍സാജിലെ നാല് ഹാളുകളാണ് നിക്കാഹിന് ഒരുക്കിയിരിക്കുന്നത്. കോഴിക്കോടന്‍ ബിരിയാണിയാണ് പ്രധാന ഭക്ഷണം. നിക്കാഹിനു മുമ്പുള്ള മൈലാഞ്ചി കല്യാണം ബുധനാഴ്ച കോവളത്തെ ഹോട്ടലില്‍ നടന്നു.
 
അവതാരകയായും ബാലതാരമായും നായികയായും മലയാളത്തിലെ ഭാഗ്യതാരമായ നസ്രിയയും ചുരുങ്ങിയ കാലം കൊണ്ടാണ്‌ മലയാളത്തിലും തമിഴിലും ശ്രദ്ധേയയായത്‌. ഫഹദും-നസ്രിയും ഭാര്യഭര്‍ത്താക്കന്മാരായി വേഷമിട്ട ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചിത്രീകരണവേളയിലാണ്‌ ഇരുവരുടേയും വിവാഹവാര്‍ത്ത പുറത്തുവരുന്നത്‌.