തന്നില്ല എന്നു പറഞ്ഞ ഉമ്മയ്ക്ക് പകരം എന്റെ ഒരായിരം ഉമ്മ - കല്പനയെ ഓര്‍ത്ത് ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍

Webdunia
തിങ്കള്‍, 25 ജനുവരി 2016 (15:22 IST)
പ്രശസ്ത നടി കല്പനയുടെ നിര്യാണത്തില്‍ ദു:ഖം പങ്കുവെച്ച് യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ദുല്‍ഖര്‍ കല്പനയെ ഓര്‍ത്തത്. കുട്ടിക്കാലത്ത് ചോദിച്ചപ്പോള്‍ തന്നില്ല എന്നു പറഞ്ഞ ആ ഉമ്മയ്ക്ക് പകരം ഒരായിരം ഉമ്മ എന്നു പറഞ്ഞാണ് ദുല്‍ഖറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
 
ദുല്‍ഖറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
 
‘പിച്ചവെച്ചു നടക്കുന്ന കാലം മുതല്‍ ചേച്ചിയെ അറിയാം. എന്റെ കുട്ടിക്കാലത്തെക്കുറിച്ച് എപ്പോഴും അവര്‍ കഥകള്‍ പറയുമായിരുന്നു. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.
 
ചാര്‍ലിയുടെ ബോട്ട് സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത്, ചാര്‍ലി മേരിയെ ചുംബിക്കുന്ന സീന്‍ ഉണ്ട്. ഞാന്‍ ഉമ്മ വെച്ചപ്പോള്‍ അവര്‍ വളരെ സന്തോഷവതിയായി കാണപ്പെട്ടു. കുട്ടിക്കാലത്ത് ഒരു ഉമ്മ ചോദിച്ചിട്ട് ഞാന്‍ ഒരിക്കല്‍ പോലും കൊടുത്തില്ലെന്നും അവര്‍ പറഞ്ഞു. ചെറുപ്പത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ തന്നില്ല എന്നു പറഞ്ഞ ഉമ്മയ്ക്ക് പകരം എന്റെ ഒരായിരം ഉമ്മ”.
 
കല്പന അഭിനയിച്ച് റിലീസ് ആയ അവസാന ചിത്രം ആയിരുന്നു ചാര്‍ലി. ചാര്‍ലിയിലെ മേരി ക്യൂന്‍ എന്ന കഥാപാത്രത്തെ ആയിരുന്നു കല്പന അവതരിപ്പിച്ചത്. സിനിമയില്‍ മേരി ക്യൂന്‍ മരിക്കുകയാണ്.