ലക്ഷങ്ങളുടെ പടക്കശേഖരം പിടിച്ചു

Webdunia
വെള്ളി, 8 ഓഗസ്റ്റ് 2014 (17:30 IST)
തലസ്ഥാന നഗരിയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ചാലയിലെ സഭാപതി കോവില്‍ തെരുവിലെ ഒരു ഗോഡൌണില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച  ലക്ഷക്കണക്കിനു രൂപ വിലയുള്ള പടക്ക ശേഖരം പിടിച്ചു. പടക്കം സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് ഇല്ലാതെയും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലും പടക്കം സൂക്ഷിച്ചതിന്‍റെ പേരില്‍ ചാല സ്വദേശി സുഭാഷിന്‍റെ പേരിലാണു കേസെടുത്തത്.

അനധികൃതമായി ഇവിടെ പടക്കശേഖരം സൂക്ഷിച്ചിരിക്കുന്ന വിവരം അറിഞ്ഞാണു ഫോര്‍ട്ട് പൊലീസ് റെയ്ഡ് നടത്തിയത്. വിപണിയില്‍ 25 ലക്ഷത്തിലേറെ വില വരുന്ന പടക്ക ശേഖരമാണിതെന്ന് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ അജിതാ ബീഗം പറഞ്ഞു. ഫോര്‍ട്ട് പൊലീസ് എ,സി സുരേഷ് കുമാര്‍, സി.ഐ കെ.സദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ റെയ്ഡ് നടത്തിയത്.

പൊട്ടിത്തെറിയുണ്ടായാല്‍ വന്‍ ദുരന്തമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു ശിവകാശിയില്‍ നിന്ന് ലൈസന്‍സില്ലാതെ കൊണ്ടുവരുന്ന പടക്കം ഇവിടെ സൂക്ഷിച്ച ശേഷം ചില്ലറ കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു പതിവെന്നും പൊലീസ് അറിയിച്ചു. ദീപാവലി കച്ചവടം മുന്‍കൂട്ടി കണ്ടാണ്‌ പടക്കം ശേഖരിച്ചെന്ന് കരുതുന്നു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.