സംസ്ഥാന എക്സൈസ് മന്ത്രി കെ ബാബു രാജിവെച്ചു. ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഇന്ന് വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ട് അദ്ദേഹം രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി രാജി വെയ്ക്കാന്‍ അനുമതി നല്കിയതിനെ തുടര്‍ന്ന് രാജിക്കത്ത് കൈമാറുകയായിരുന്നു.
കോടതി പരാമര്‍ശം വന്നപ്പോള്‍ തന്നെ ബാബു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ എന്നിവരെ വിളിച്ച് രാജി സന്നദ്ധത അറിയിച്ചിരുന്നു. ബാബു രാജി വെക്കുന്നത് തന്നെയാണ് നല്ലതെന്ന് ആയിരുന്നു ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.
കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍ വെച്ച് ആയിരുന്നു മന്ത്രി കെ ബാബു കോടതി പരാമര്‍ശത്തെക്കുറിച്ച് അറിഞ്ഞത്. വേദിയില്‍ വെച്ചു തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ബാബു ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.
മെട്രോയുടെ ഉദ്ഘാടന പരിപാടിക്കു ശേഷം ഗസ്റ്റ് ഹൌസിലെത്തിയ മന്ത്രി കെ ബാബു കൊച്ചി മേയര്‍ ടോണി ചമ്മിണി അടക്കമുള്ള അടുത്ത നേതാക്കളുമായി ചര്‍ച്ച നടത്തി. അതിനു ശേഷമായിരുന്നു ഗസ്റ്റ് ഹൌസില്‍ തന്നെ ഉണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ടു കണ്ടത്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ മന്ത്രി ബാബുവിന്റെ രാജി വൈകിപ്പിച്ച് പ്രതിപക്ഷത്തിന് ഒരു ആയുധം കൊടുക്കേണ്ടതില്ലെന്ന നിലപാട് ആയിരുന്നു മിക്ക നേതാക്കള്‍ക്കും ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.